അങ്കമാലിയില്‍ ആറു മാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകം; കുടുംബത്തോടുള്ള ദേഷ്യം കാരണമെന്ന് അമ്മൂമ്മയുടെ കുറ്റസമ്മതം
കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ ആറുമാസം പ്രായമായ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മൂമ്മ കുറ്റം സമ്മതിച്ചു. കുടുംബത്തോട് ദേഷ്യം തോന്നിയപ്പോള്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്നാണ് മൊഴി. അങ്കമാലി പോലിസിന്റെ ചോദ്യം ചെയ്യലിനിടെയാണ് അമ്മൂമ്മ റോസ്ലിയുടെ കുറ്റസമ്മതം. പ്രതിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ശേഷം ഇവര്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. അമ്മൂമ്മയാണ് കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്ന് കഴിഞ്ഞ ദിവസമാണ് പോലിസ് സ്ഥിരീകരിച്ചത്. കൊലപ്പെടുത്താനുപയോഗിച്ച കത്തിയും പോലിസ് കണ്ടെത്തിയിരുന്നു. ആന്റണി-റൂത്ത് ദമ്പതികളുടെ രണ്ടാമത്തെ മകളായ മറിയം സാറയെയാണ് കൊല്ലപ്പെട്ടത്. അമ്മൂമ്മ റോസ്ലി മാനസിക വിഭ്രാന്തിക്ക് ചികില്‍സ തേടിയിരുന്നു. കുഞ്ഞിനെ കൊലപെടുത്തിയ ശേഷവും മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച റോസ്ലി ആശുപത്രിയില്‍ തുടരവെയാണ് അറസ്റ്റു രേഖപ്പെടുത്തിയത്.
ഇന്നലെ രാവിലെയാണ് കുഞ്ഞിനെ കഴുത്തില്‍ മുറിവേറ്റ നിലയില്‍ മാതാവ് കാണുന്നത്. ഈ സമയം കുട്ടിയുടെ അച്ഛനും അമ്മയുടെ മാതാവും പിതാവും വീട്ടിലുണ്ടായിരുന്നു. ഉടനെ അച്ഛനും അമ്മയും ചേര്‍ന്ന് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. കുഞ്ഞിന് കഴുത്തില്‍ എങ്ങനെയോ കടിയേറ്റുവെന്നായിരുന്നു മാതാപിതാക്കള്‍ ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാല്‍ മുറിവ് പരിശോധിച്ച ഡോക്ടര്‍ക്ക് സംശയം തോന്നി. കത്തിയോ ബ്ലേഡോ മറ്റോ ഉപയോഗിച്ച് മുറിവേറ്റതാണെന്ന് മനസിലാക്കിയ ഡോക്ടര്‍ പോലിസിനെ വിവരം അറിയിച്ചു. പോലിസെത്തി നടത്തിയ പ്രാഥമിക പരിശോധനയില്‍ കൊലപാതകമാണെന്നു കണ്ടെത്തി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് അമ്മൂമ്മയാണ് കൊലയ്ക്കു പിന്നിലെന്ന് കണ്ടെത്തിയത്.
കുട്ടിയെ കുളിപ്പിച്ച് അമ്മൂമ്മയുടെ അടുത്ത് കിടത്തി മിനിറ്റുകള്‍ക്കമായിരുന്നു കത്തി കൊണ്ട് കഴുത്ത് മുറിച്ചത്. കൊലപാതകമെന്ന് ഉറപ്പിക്കുന്നതാണ് പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തല്‍. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവ് തന്നെയാണ് കുട്ടിയുടെ മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തല്‍. കുട്ടിയുടെ ശരീരത്തില്‍ നിന്ന് അമിത അളവില്‍ രക്തം വാര്‍ന്ന് പോയിട്ടുണ്ടെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി.
