വിളവൂര്‍ക്കല്‍: ക്രഷര്‍ ഉടമയെ കഴുത്തറത്തു കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി മരിച്ചു. വിളവൂര്‍ക്കല്‍ മലയം പിടിയംകോട് അമ്പിളിക്കല വീട്ടില്‍ ചൂഴാറ്റുകോട്ട അമ്പിളി(57) ആണ് മരിച്ചത്. മൂക്കുന്നിമല ക്രഷര്‍ ഉടമ ദീപുവിനെ കളിയിക്കാവിള ഒറ്റമരം ജങ്ഷനില്‍ കാറില്‍വെച്ച് കഴുത്തറത്ത് കൊന്ന കേസിലെ പ്രതിയാണ് അമ്പിളി എന്ന സജികുമാര്‍. 2024 ജൂണ്‍ 24-നായിരുന്നു കേസിനാസ്പദമായ സംഭവം. കഴിഞ്ഞ ജൂലൈ ഏഴിന് കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. കരള്‍സംബന്ധമായ അസുഖത്തിനു ചികിത്സയിലിരിക്കേ മെഡിക്കല്‍ കോളേജില്‍ ശനിയാഴ്ച രാവിലെയാണ് മരിച്ചത്.
ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു കരമന സ്വദേശി ദീപുവിന്റെ കൊലപാതകം. സംഭവശേഷം സജികുമാര്‍ ഒളിവില്‍ പോയി. മലയത്തെ ഒളിത്താവളത്തില്‍ വെച്ചാണ് സജികുമാറിനെ തമിഴ്നാട് പോലിസ് പിടികൂടിയത്. കൊലപാതകത്തിന് പിന്നാലെ കാറിനുള്ളില്‍ നിന്ന് ഒരാള്‍ ഇറങ്ങിപ്പോയതിന്റെ സിസിടിവി ദൃശ്യം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് സജികുമാര്‍ പിടിയിലായത്. സജികുമാര്‍ പിടികൂടാന്‍ തമിഴ്നാട് പോലിസ് വീട്ടിലെത്തിയെങ്കിലും അവിടെ ഉണ്ടായിരുന്നില്ല.
രണ്ട് കൊലപാതക കേസുകള്‍ അടക്കം 50 ലേറെ കേസുകളില്‍ പ്രതിയാണ് ചൂഴാറ്റുകോട്ട അമ്പിളി എന്ന സജികുമാര്‍. ഇടക്ക് ഗുണ്ടാപ്പണി നിര്‍ത്തിയ അമ്പിളി പിന്നീട് മണല്‍ക്കടത്തിലേക്കും ക്വാറികളില്‍ നിന്നുള്ള ഗുണ്ടാപിരിവിലേക്കും തിരിയുകയായിരുന്നു.
