മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ് ഉദ്ഘാടനം മാര്‍ച്ച് ഒന്നിലേക്ക് മാറ്റി

Update: 2026-02-23 12:02 GMT

വയനാട്: വയനാട് ഉരുല്‍പ്പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കുന്ന വീടുകളുടെ ആദ്യഘട്ട താക്കോല്‍ദാനം മാര്‍ച്ച് ഒന്നിലേക്ക് മാറ്റി. നേരത്തെ നിശ്ചയിച്ചിരുന്നത് ഈ മാസം 25ന് താക്കോല്‍ ദാനം നടത്താനായിരുന്നു. 178 വീടുകളുടെ താക്കോല്‍ ദാനമാണ് മാര്‍ച്ച് ഒന്നിന് നടക്കുക. ആകെ 410 വീടുകളാണ് നിര്‍മ്മിച്ചു നല്‍കാന്‍ തീരുമാനിച്ചിരുന്നത് അതില്‍ 178 എണ്ണമാണ് പൂര്‍ണമായും നിര്‍മ്മാണം പൂര്‍ത്തിയാക്കി ആദ്യഘട്ടത്തില്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നത്.

എല്‍സ്റ്റണ്‍ എസ്റ്റേറ്റിലാണ് ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ ഒന്നാംഘട്ടമായി വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത്. വീടുകള്‍ക്ക് പുറമെ പബ്ലിക്ക് മാര്‍ക്കറ്റ്, അങ്കണവാടി, കുട്ടികളുടെ കളി സ്ഥലം, കമ്മ്യൂണിറ്റി സെന്റര്‍ എന്നിങ്ങനെ നിരവധി സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഒരുക്കുന്ന താല്‍ക്കാലിക ഓപ്പണ്‍ ഓഡിറ്റേറിയത്തിലാണ് ഉദ്ഘാടനം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഏഴു സെന്റില്‍ ആയിരം ചതുരശ്ര അടിയിലാണ് വീടുകള്‍ നിര്‍മ്മിച്ചു നില്‍ക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോ-ഓപ്പറേറ്റീവ് സെസൈറ്റിയാണ് ടൗണ്‍ഷിപ്പിന്റെ നിര്‍മ്മാണം നടത്തുന്നത്.

ദുരന്തസമയത്ത് സമാനതകളില്ലാത്ത വിധം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്ന സൈനികര്‍, ആരോഗ്യപ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങി നാനാതുറകളിലുള്ളവരെയും പുനരധിവാസത്തിനായി സഹായിച്ചവരെയുമാണ് മുഖ്യമന്ത്രി പ്രധാനമായും ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

ഒറ്റ നില വീടുകളില്‍ മാസ്റ്റര്‍ ബെഡ്‌റൂം, രണ്ട് റൂമുകള്‍, അടുക്കള, പഠനമുറി, ലിവിങ് റൂം ഡെനിങ് റൂം എന്നീ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2024 ജൂലൈ 30നാണ് വയനാട് മുണ്ടക്കൈ, ചൂരല്‍മല മേഖല ഉരുള്‍ കവര്‍ന്നെടുത്തത്. 410 വീടുകള്‍ പൂര്‍ണമായും നിര്‍മ്മാണം പൂര്‍ത്തിയാക്കി നല്‍കുന്നതോടെ ദുരന്തത്തെ അതിജീവിച്ചവര്‍ക്കായുള്ള ടൗണ്‍ഷിപ്പ് പൂര്‍ണമായും യാഥാര്‍ത്ഥ്യമാകും.

Tags: