മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; നൂറ് വീടുകളുമായി കോണ്‍ഗ്രസ്
വീട് പണിയാനുള്ള സ്ഥലം രജിസ്‌ട്രേഷന്‍ ഈ മാസം 13ന്
കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായുള്ള ഭവന പദ്ധതിക്കായി കോണ്‍ഗ്രസ് സ്ഥലം കണ്ടെത്തി. നൂറ് വീട് പണിയാന്‍ മൂന്നിടങ്ങളിലായി സ്ഥലം കണ്ടെത്തിയതായും ഇതില്‍ മേപ്പാടി പഞ്ചായത്തിലെ മൂന്നേകാല്‍ ഏക്കര്‍ ഭൂമിയുടെ രജിസ്‌ട്രേഷന്‍ ജനുവരി 13ന് പൂര്‍ത്തിയാക്കുമെന്നും ഡിസിസി പ്രസിഡന്റ് ടി ജെ ഐസക് അറിയിച്ചു. ഭവന പദ്ധതിയുടെ തറക്കല്ലിടല്‍ ഉടന്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. തോട്ടഭൂമിയാണോ എന്നത് ഉള്‍പ്പെടേയുള്ള എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കിയാണ് സ്ഥലം രജിസ്റ്റര്‍ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തോട്ടഭൂമി പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള തടസ്സങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കോണ്‍ഗ്രസ് നടപടി സ്വീകരിച്ചിരിക്കുന്നത്. സ്ഥലം രജിസ്റ്റര്‍ ചെയ്യുന്നതോടെ വീടുകളുടെ നിര്‍മ്മാണത്തിനുള്ള തറക്കല്ലിടല്‍ ഉടന്‍ നടക്കുമെന്നും ടി ജെ ഐസക് അറിയിച്ചു. ദുരന്ത ബാധിതര്‍ക്കായി 30 വീടുകള്‍ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ച യൂത്ത് കോണ്‍ഗ്രസ്, ഇതിനു വേണ്ടി സമാഹരിച്ച 1.05 കോടി രൂപ കെപിസിസിക്ക് കൈമാറി. ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ചേര്‍ന്ന് 130 വീടുകള്‍ നിര്‍മ്മിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ലക്ഷ്യമിട്ട തുക സമാഹരിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ആകെ നൂറ് വീടുകള്‍ നിര്‍മ്മിക്കാനാണ് സംയുക്തമായി തീരുമാനിച്ചത്. ഇതിലേക്കാണ് യൂത്ത് കോണ്‍ഗ്രസ് തങ്ങളുടെ വിഹിതമായ സമാഹരിച്ച 1.05 കോടി രൂപ കൈമാറിയത്.
പദ്ധതി വൈകുന്നു എന്നാരോപിച്ച് സര്‍ക്കാര്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. പിന്നാലെ നടപടികള്‍ വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കുകയായിരുന്നു. മേപ്പാടിയിലെ ഭൂമിക്ക് പുറമെ മറ്റ് രണ്ടു സ്ഥലങ്ങള്‍ കൂടി കണ്ടെത്തിയിട്ടുണ്ടെങ്കിലും അവ എവിടെയാണെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം പുറത്ത് വന്നിട്ടില്ല.
