മുണ്ടക്കൈ-ചൂരല്‍മല ദുരന്തം: ദുരിതബാധിതരുടെ വായ്പ എഴുതി തള്ളാത്തതില്‍ കേന്ദ്രസര്‍ക്കാരിന് രൂക്ഷവിമര്‍ശനം

കൊച്ചി: മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍, ദുരിതബാധിതരുടെ വായ്പ എഴുതി തള്ളാത്തതില്‍ കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. വിഷയത്തില്‍ കേന്ദ്രം എത്രയും പെട്ടെന്ന് നിലപാടറിയിക്കണമെന്നും കോടതി പറഞ്ഞു. വിഷയത്തില്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയല്ല, കേന്ദ്ര സര്‍ക്കാരാണ് നിലപാട് വ്യക്തമാക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു.
'ദുരിതബാധികതരുടെ വായ്പ എഴുതിത്തള്ളാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണം, അല്ലെങ്കില്‍ അത്തരമൊരു നടപടി എടുക്കാന്‍ അശക്തരാണ് എന്ന് പറയേണ്ടി വരും. പറ്റില്ലെങ്കില്‍ ഇല്ലെന്ന് പറയാനുള്ള ധൈര്യം കേന്ദ്രസര്‍ക്കാര്‍ കാണിക്കണം,' ഹൈക്കോടതി പറഞ്ഞു.
മുണ്ടക്കൈചൂരല്‍മല ദുരിതബാധികതരുടെ വായ്പ എഴുതിത്തള്ളുന്നത് സംബന്ധിച്ച് നിലപാട് അറിയിക്കാന്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ദുരന്തനിവാരണ നിയമത്തിലെ ഇതു സംബന്ധിക്കുന്ന 13ാംവകുപ്പ് ഒഴിവാക്കിയതിനാല്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് ശുപാര്‍ശ നല്‍കാന്‍ അധികാരമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
അതേസമയം, ദേശീയ ദുരന്ത നിവാരണ നിയമത്തിലെ 13ാം വകുപ്പ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഈ വകുപ്പ് പ്രകാരം, ഗുരുതരമായ പ്രകൃതി ദുരന്തങ്ങള്‍ ബാധിച്ച വ്യക്തികളുടെ വായ്പകള്‍ എഴുതിത്തള്ളാനോ പുതിയ വായ്പകള്‍ നല്‍കാനോ ബാങ്കുകളോട് ശുപാര്‍ശ ചെയ്യാന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് (എന്‍ഡിഎംഎ) അധികാരം നല്‍കുന്നു.