വഖ്ഫ് ഭേദഗതി നിയമവും മുനമ്പം പ്രശ്‌നവും തമ്മില്‍ ബന്ധമുണ്ടെന്ന് ബിജെപി വ്യാജപ്രചരണം നടത്തുന്നു: പിണറായി വിജയന്‍
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വഖ്ഫ് ഭേദഗതി നിയമം കൊണ്ട് മുനമ്പത്തെ പ്രശ്‌നം പരിഹകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുനമ്പത്തെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ന്യായമാണ്. പക്ഷേ, വഖ്ഫ് ഭേദഗതി നിയമം അതിന് പരിഹാരമുണ്ടാക്കുമെന്ന് ബിജെപി തെറ്റിധരിപ്പിക്കുകയാണ്. ആസൂത്രിതമായി സാമുദായിക സംഘര്‍ഷത്തിനാണ് ബിജെപി ശ്രമിക്കുന്നത്. മുനമ്പത്തെ ജനങ്ങളുടെ പ്രശ്‌നം ന്യായവും പരിഹാരം സങ്കീര്‍ണവുമാണ്. മുനമ്പത്ത് താമസിക്കുന്നവരുടെ നിയമപരമായ അവകാശങ്ങള്‍ സര്‍ക്കാര്‍ സംരക്ഷിക്കും. അതിനാണ് ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരിച്ചത്. പക്ഷേ, ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി എതിരായി. എന്നാല്‍, ഡിവിഷന്‍ ബെഞ്ച് വിധി അനുകൂലമായി.
വഖ്ഫ് ഭേദഗതി നിയമത്തെയും മുനമ്പത്തെ പ്രശ്‌നത്തെയും ബന്ധിപ്പിക്കുന്നത് ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണ്. അവരുടെ ക്രിസ്ത്യന്‍ പ്രേമനാടകത്തിലെ ഒരു എപ്പിസോഡ് ആണിത്. വര്‍ഗീയ മുതലെടുപ്പിനള്ളു ശ്രമമാണ് ബിജെപി നടത്തുന്നത്. ആര്‍എസ്എസിന്റെ കാര്യത്തില്‍ ആര്‍ക്കും സംശയമൊന്നും വേണ്ട. അവര്‍ ശത്രുക്കളായി പ്രഖ്യാപിച്ചിട്ടുള്ള രണ്ടുകൂട്ടര്‍ മുസ്‌ലിംകളും ക്രിസ്ത്യാനികളുമാണ്. സംഘപരിവാരിന്റെ അടുത്ത ലക്ഷ്യം കത്തോലിക്ക സഭയും സ്വത്തുമാണ്. പാര്‍ലമെന്റില്‍ ഇനി വരാന്‍ പോവുന്ന ബില്ലുകളില്‍ നിന്ന് നിങ്ങള്‍ക്ക് അക്കാര്യം മനസിലാവും. ക്രൈസ്തവര്‍ അടക്കമുള്ള മലയോര ജനതയെ വഞ്ചിക്കുകയാണ് ബിജെപി ചെയ്യുന്നത്. ട്രംപിന്റെ പകരച്ചുങ്കം റബര്‍, കാപ്പി കര്‍ഷകരെ കാര്യമായി ബാധിക്കുമെങ്കിലും കേന്ദ്രസര്‍ക്കാര്‍ മലയോര കര്‍ഷകര്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി.
