മുംബൈ: മുംബൈ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ ഇന്ന് കൂട്ടത്തോടെ റദ്ദാക്കി. പശ്ചിമ റെയില്‍വേയില്‍ മുന്നൂറോളം ലോക്കല്‍ ട്രെയിന്‍ സര്‍വീസുകളാണ് റദ്ദാക്കിയത്. ബോറിവലിക്കും കാന്തിവലിക്കും ഇടയില്‍ ആറാമത്തെ റെയില്‍വേ പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
ബോറിവലി സ്‌റ്റേഷനില്‍ ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് പാനല്‍ സ്ഥാപിക്കുന്നതിനായി 26, 27 തിയ്യതികളില്‍ 'മെജര്‍ ബ്ലോക്ക്' ഏര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി ശനിയാഴ്ച 296 സര്‍വീസുകളാണ് റദ്ദാക്കിയത്. നിരവധി എസി ലോക്കല്‍ ട്രെയിനുകളെയും ഇത് ബാധിച്ചു. അതേസമയം, ബോറിവലി, അന്ധേരി ഭാഗത്തേക്കുള്ള നിരവധി സര്‍വീസുകള്‍ ഗോരേഗാവ് സ്‌റ്റേഷനില്‍ യാത്ര അവസാനിപ്പിച്ചതോടെ യാത്രക്കാരുടെ ദുരിതം ഇരട്ടിയായി. ഡിസംബര്‍ 20 മുതല്‍ ജനുവരി 18 വരെ 30 ദിവസത്തേക്ക് പശ്ചിമ റെയില്‍വേയില്‍ വിവിധ രീതിയിലുള്ള നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
വാരാന്ത്യത്തിലെ വലിയ ബ്ലോക്ക് സാധാരണക്കാരായ യാത്രക്കാരെ ഏറെ ബാധിച്ചതായാണ് പരാതി. ഇതിനിടെയാണ് ഡിസംബര്‍ 26 മുതല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്കുകളും വര്‍ധിപ്പിച്ചതായി റെയില്‍വേ പ്രഖ്യാപിച്ചത്. 500 കിലോമീറ്റര്‍ വരെ നോണ്‍എസി യാത്രയ്ക്കുള്ള ടിക്കറ്റിന് ഒരുതവണയായി 10 രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. 215 കിലോമീറ്ററിലധികം ദൂരമുള്ള ജനറല്‍ ക്ലാസ് ടിക്കറ്റുകളുടെ നിരക്ക് കിലോമീറ്ററിന് ഒരു പൈസ വീതമാണ് കൂട്ടിയത്. മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളിലെ എയര്‍ കണ്ടീഷന്‍ ചെയ്യാത്ത കോച്ചുകള്‍ക്കും എയര്‍ കണ്ടീഷന്‍ കോച്ചുകള്‍ക്കും കിലോമീറ്ററിന് രണ്ടു പൈസ വീതം നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ 215 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്കും നഗര സര്‍വീസുകള്‍ക്കും സീസണ്‍ ടിക്കറ്റുകള്‍ക്കും നിലവില്‍ നിരക്ക് വര്‍ധന ബാധകമല്ല. നിരക്ക് വര്‍ധന വഴി ഏകദേശം 600 കോടി രൂപയുടെ അധിക വരുമാനമാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്.
