17 കുട്ടികളെ ബന്ദിയാക്കിയ യുവാവ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

Update: 2025-10-30 14:14 GMT

മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയിലെ പൊവയ് മേഖലയില്‍ 17 കുട്ടികളെ ബന്ദികളാക്കിയ യുവാവിനെ വെടിവച്ചു കൊന്നു. കുട്ടികളെല്ലാം സുരക്ഷിതരാണെന്ന് പോലിസ് അറിയിച്ചു. പൊവയിലെ ആര്‍എ സ്റ്റുഡിയോ എന്ന അഭിനയ പഠനകേന്ദ്രത്തില്‍ രാവിലെയാണ് രോഹിത് ആര്യ എന്നയാള്‍ കുട്ടികളെ ബന്ദിയാക്കിയത്. ഓഡിഷനു വേണ്ടി വിളിച്ചുവരുത്തിയ കുട്ടികളെ ഇയാള്‍ ബന്ദിയാക്കുകയായിരുന്നു. ഇതിനു പിന്നാലെ, തനിക്ക് ചില ആവശ്യങ്ങളുണ്ടെന്നു പറഞ്ഞ് ഇയാള്‍ ഒരു വിഡിയോയും പുറത്തുവിട്ടിരുന്നു.

രോഹിത് ആര്യക്ക് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നതായി സംശയിക്കുന്നതായി പോലിസ് പറഞ്ഞു. തനിക്ക് അധികൃതരോട് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്നും അതിനു വേണ്ടിയാണ് കുട്ടികളെ ബന്ദിയാക്കിയത് എന്നുമാണ് ഇയാള്‍ വിഡിയോയില്‍ പറഞ്ഞത്. തന്റെ ആവശ്യം അംഗീകരിക്കാതെ കുട്ടികള്‍ ഉപദ്രവിക്കപ്പെട്ടാല്‍ താന്‍ ഉത്തരവാദിയായിരിക്കില്ലെന്നും ഇയാള്‍ പറഞ്ഞിരുന്നു. പോലിസ് അനുനയത്തിന് ശ്രമിച്ചെങ്കിലും വഴങ്ങാതെ വന്നതിനാലാണ് ഓപ്പറേഷന്‍ നടത്തിയത്. അതിനിടെയാണ് അയാള്‍ കൊല്ലപ്പെട്ടത്.