രാത്രിയില്‍ വിദ്യാര്‍ഥിനികള്‍ക്ക് അശ്ലീല സന്ദേശം; സ്വാമി ചൈതന്യാനന്ദയ്‌ക്കെതിരേ നിരവധി കേസുകള്‍
ന്യൂഡല്‍ഹി: ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ വിദ്യാര്‍ഥിനികളെ സ്വാമി ചൈതന്യാനന്ദ ലൈംഗിക പീഡനത്തിനിരയാക്കിയത് ഭീഷണിപ്പെടുത്തിയെന്ന് റിപോര്‍ട്ടുകള്‍. 'അനുസരിച്ചില്ലെങ്കില്‍ തോല്‍പിക്കും' എന്നാണ് ഇയാള്‍ വിദ്യാര്‍ഥിനികളോട് പറഞ്ഞിരുന്നത്. വാട്‌സാപ്പിലൂടെയാണ് ഇയാള്‍ വിദ്യാര്‍ഥിനികളോട് സംസാരിച്ചിരുന്നത്. സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുകയും സഹകരിച്ചില്ലങ്കില്‍ പീഢനത്തിനിരയാക്കുമെന്നും ഇയാള്‍ കുട്ടികളെ അറിയിച്ചിരുന്നു. രാത്രി വളരെ വൈകിയാണു ചൈതന്യാനന്ദ പെണ്‍കുട്ടികള്‍ക്കു സന്ദേശമയച്ചിരുന്നത്.
കോളജിലെ വാര്‍ഡന്‍മാരും മറ്റു ഫാക്കല്‍റ്റീസുമാണ് കുട്ടികളെ സ്വാമിക്ക് പരിചയപ്പെടുത്തുന്നത്. ഭരണസമിതി അംഗമായിരുന്നെങ്കിലും സ്ഥാപനത്തിന്റെ ചെയര്‍മാന്‍ എന്നാണു സ്വാമി സ്വയം വിശേഷിപ്പിച്ചിരുന്നത്. വാര്‍ഡന്‍മാരും വിദ്യാര്‍ഥിനികളെ ഭീഷണിപ്പെടുത്തിയിരുന്നു. സ്വാമിയുടെ ഇംഗിതത്തിനനുസരിച്ച് നിന്നില്ലെങ്കില്‍ സ്വാമി നിങ്ങളുടെ മാര്‍ക്ക് കുറയ്ക്കുകയും കരിയര്‍ നശിപ്പിക്കുമെന്നുമായിരുന്നു ഭീഷണി.
നിലവില്‍ ഇയാള്‍ക്കതിരേ ഇതുകൂടാതെ നിരവധി കേസുകളാണ് ഉള്ളത്. ഡിഫന്‍സ് കോളനി സ്റ്റേഷനില്‍ വഞ്ചനക്കേസ്, ഒരു വിദ്യാര്‍ഥി വസന്ത്കുഞ്ച് നോര്‍ത്ത് സ്റ്റേഷനില്‍ നല്‍കിയ പീഡനക്കേസ്, തട്ടിപ്പു നടത്തിയതിന് മഠം അധികൃതര്‍ നല്‍കിയ കേസ് തുടങ്ങിയവയാണ് അവ. ഇതുവരെയായും പോലിസിന് ഇയാളെ പിടികൂടാനായിട്ടില്ലെന്നാണ് റിപോര്‍ട്ടുകള്‍.
