36 വര്‍ഷം മുമ്പ് മറ്റൊരാളെ കൂടി കൊലപ്പെടുത്തിയെന്ന് മധ്യവയസ്‌കന്‍

Update: 2025-07-05 02:06 GMT

കോഴിക്കോട്: 1986ല്‍ 20കാരനെ കൊന്നെന്ന് അവകാശപ്പെടുന്ന മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലി മറ്റൊരു കൊലപാതകത്തെ കുറിച്ചുള്ള വിവരം കൂടി പുറത്തുവിട്ടു. 1989ല്‍ വെള്ളയില്‍ ബീച്ചില്‍ വച്ചും ഒരാളെ കൊന്നുവെന്നാണ് മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലി അവകാശപ്പെടുന്നത്. ഇതുമായി സാമ്യമുള്ള ഒരു കേസ് 1989 സെപ്റ്റംബര്‍ 24നു നടക്കാവ് പോലിസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. കടപ്പുറത്ത് യുവാവിന്റെ അജ്ഞാത മൃതദേഹം കണ്ടെത്തിയെന്ന അക്കാലത്തെ വാര്‍ത്തയും പോലിസ് ശേഖരിച്ചു. ടൗണ്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ടി കെ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അവകാശവാദം അന്വേഷിക്കുന്നത്.

14ാം വയസ്സില്‍ കൂടരഞ്ഞിയില്‍ ഒരാളെ തോട്ടിലേക്ക് ചവിട്ടിയിട്ടു കൊന്നതായി കഴിഞ്ഞമാസം അഞ്ചിനാണ് മലപ്പുറം വേങ്ങര സ്റ്റേഷനില്‍ ഹാജരായി മുഹമ്മദലി വെളിപ്പെടുത്തിയത്. അടുത്ത ദിവസം പത്രത്തില്‍ തോട്ടിലെ അജഞാത മൃതദേഹത്തെ കുറിച്ച് വാര്‍ത്തയുണ്ടായിരുന്നു. അവകാശവാദങ്ങളില്‍ പോലിസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും മുഹമ്മദലിക്ക് എന്തെങ്കിലും മാനസിക പ്രശ്‌നങ്ങളുണ്ടോ എന്ന് പോലിസ് പരിശോധിക്കുന്നു. എന്നാല്‍, കൊല നടത്തിയെന്ന അവകാശവാദവും അജ്ഞാത മൃതദേഹവും പൊരുത്തപ്പെടുന്നതാണ് പോലിസിനെ വലയ്ക്കുന്നത്.

കൂടരഞ്ഞിയിലെ സംഭവത്തിനുശേഷം കോഴിക്കോട്ടുവന്ന് ഹോട്ടലിലും മറ്റും ജോലി ചെയ്തു ജീവിച്ചിരുന്ന കാലത്ത് ഒരാള്‍ പണം തട്ടിപ്പറിച്ചെന്നാണ് മുഹമ്മദലി പോലിസിനോട് പറഞ്ഞത്. അയാള്‍ വെള്ളയില്‍ ബീച്ച് പരിസരത്തുള്ളതായി കുറച്ചു ദിവസങ്ങള്‍ക്കുശേഷം സുഹൃത്ത് കഞ്ചാവ് ബാബു പറഞ്ഞു. ഞങ്ങള്‍ രണ്ടുപേരും അങ്ങോട്ടു ചെന്ന് ഇക്കാര്യം ചോദിച്ചതോടെ തര്‍ക്കമായി. ബാബു അവനെ തല്ലിത്താഴെയിട്ട്, മണ്ണിലേക്കു മുഖം പൂഴ്ത്തിപ്പിടിച്ചു. ഞാന്‍ കാലില്‍ പിടിത്തമിട്ടു. മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം അയാളുടെ കൈയ്യിലെ പണം പങ്കിട്ടെടുത്ത് രണ്ടുവഴിക്കു പിരിഞ്ഞു. ബാബുവിനെ പിന്നീടു കണ്ടിട്ടില്ല. മരിച്ചത് ആരെന്നും അറിയില്ലെന്നും മുഹമ്മദലി പറയുന്നു.