രണ്ടുപേരെ കൊന്നെന്ന വെളിപ്പെടുത്തല്‍: പഴയ ഉദ്യോഗസ്ഥരെ തേടി പോലിസ്

Update: 2025-07-07 02:44 GMT

കോഴിക്കോട്: രണ്ടുപേരെ കൊലപ്പെടുത്തിയെന്ന മധ്യവയസ്‌കന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലിസ്. 1989ല്‍ കോഴിക്കോട് കടപ്പുറത്തുവെച്ച് ഒരാളെ താനും കഞ്ചാവ് ബാബു എന്നയാളും ചേര്‍ന്ന് കൊന്നുവെന്നാണ് വേങ്ങര പള്ളിക്കല്‍ ബസാര്‍ സ്വദേശി മുഹമ്മദലി വെളിപ്പെടുത്തിയിരുന്നത്. ബാബു നഗരത്തില്‍ കഞ്ചാവുവില്‍പ്പന നടത്തുന്നയാളാണെന്നും മുഹമ്മദലി പറഞ്ഞിരുന്നു. എന്നാല്‍, പോലിസ് ദിവസങ്ങളോളം അന്വേഷിച്ചിട്ടും കഞ്ചാവ് ബാബുവിനെക്കുറിച്ച് ഒരു സൂചനപോലും ലഭിച്ചില്ല. പോലീസിന്റെ ഒരു രേഖയിലും ആ പേരിലുള്ള കഞ്ചാവ് വില്‍പ്പനക്കാരനില്ല.

എറണാകുളം സ്വദേശിയായ ബാബു എന്നാണ് മുഹമ്മദലി പറഞ്ഞത്. അതിനപ്പുറത്തേക്ക് അയാള്‍ക്ക് ഒന്നുമറിയില്ല. അന്ന് നഗരത്തില്‍ ബ്രൗണ്‍ഷുഗറിന്റെ പ്രധാന ഡീലറായിരുന്ന ഒരു ബാബു ഉണ്ടായിരുന്നു. കോഴിക്കോട് റെയില്‍വേ അഞ്ചാം ഗേറ്റിന് സമീപത്ത് താമസിച്ചിരുന്ന ബാബു പത്തുവര്‍ഷം മുമ്പ് മരിച്ചുപോയി.

കൂടരഞ്ഞി കൊലപാതകത്തിന് ശേഷം കോഴിക്കോട് പാളയത്ത് ഡേവിസണ്‍ തിയേറ്ററിന് സമീപത്തെ ഹോട്ടലില്‍ ജോലിചെയ്തിരുന്നുവെന്നാണ് മുഹമ്മദലി പറഞ്ഞത്. ആ ഹോട്ടല്‍ ഏതാണെന്ന് മുഹമ്മദലിക്ക് അറിയില്ല. പാളയം മാര്‍ക്കറ്റിലെ കടകളില്‍ ചായ കൊണ്ടുകൊടുക്കലായിരുന്നു അന്ന് ജോലിയത്രെ. അതിനുശേഷം പാളയം ബസ് സ്റ്റാന്‍ഡിലെ കെട്ടിടത്തിലാണ് ഉറക്കം. അവിടെവെച്ചാണ് കഞ്ചാവ് ബാബു എന്ന ബാബുവിനെ പരിചയപ്പെടുന്നത്. മദ്യപിച്ച് അവശനായി പാളയത്തെ കെട്ടിടത്തില്‍വന്ന് ഉറങ്ങിയ ബാബുവിനെയാണ് ആദ്യം കണ്ടത്. പിന്നീട് അവര്‍തമ്മില്‍ സൗഹൃദമായി. നഗരത്തിലെ കറങ്ങലുകളില്‍ ഇരുവരും കൂട്ടായിമാറി. അങ്ങനെയാണ് തന്റെ പണം ഒരാള്‍ പിടിച്ചുപറിച്ചതായി ബാബു മുഹമ്മദലിയോട് പറയുന്നത്. പിന്നീട് അയാളെ വെള്ളയില്‍ഭാഗത്ത് കണ്ടതായും മുഹമ്മദലിയെ ബാബു അറിയിച്ചു. അങ്ങനെയാണ് കൊല നടന്നത്.

അതേസമയം, 1986ല്‍ കൂടരഞ്ഞിയില്‍ കൊന്നു എന്നു പറയപ്പെടുന്നയാളുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ഉദ്യോഗസ്ഥനെ തേടി പോലിസ് സംഘം കൊച്ചിയിലേക്ക് പോയി. അന്ന് തിരുവമ്പാടി എസ്‌ഐ ആയിരുന്ന തോമസാണ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയത്. വിരമിച്ചശേഷം അദ്ദേഹം എറണാകുളത്താണ് ഇപ്പോള്‍ താമസിക്കുന്നത്. വെള്ളത്തില്‍ മുങ്ങിമരിച്ച നിലയിലാണ് ഇരിട്ടി സ്വദേശി എന്ന് കരുതുന്നയാളെ കണ്ടെത്തിയത്. കൊന്നതാണെന്ന് മുഹമ്മദലി പറയുന്നുണ്ടെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകളൊന്നും ലഭിച്ചിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് മെഡിക്കല്‍ കോളേജില്‍നിന്നോ, കോടതിയില്‍നിന്നോ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.