പാലക്കാട് ജില്ലയിലെ പട്ടാമ്പിയില്‍ മുഹമ്മദ് മുഹ്സിന്‍ തന്നെ മല്‍സരിക്കും

Update: 2026-03-07 07:13 GMT

പാലക്കാട്: പാലക്കാട് ജില്ലയിലെ പട്ടാമ്പിയില്‍ മുഹമ്മദ് മുഹ്സിന്‍ തന്നെ മല്‍സരിക്കുമെന്ന് റിപോര്‍ട്ട്. പന്ന്യന്‍ രവീന്ദ്രന്‍, പി പി സുനീര്‍ എന്നിവരെയും പട്ടാമ്പിയില്‍ പരിഗണിച്ചിരുന്നെങ്കിലും മുഹ്‌സിന്‍ മതി എന്ന ഏകാഭിപ്രായത്തിലേക്ക് എല്ലാവരും എത്തുകയായിരുന്നു.ഇന്നത്തെ ജില്ലാ കൗണ്‍സിലില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും.

ഇന്ന് നടക്കുന്ന ജില്ലാ കൗണ്‍സില്‍ യോഗത്തിലാണ് ജില്ലയിലെ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക. മണ്ണാര്‍ക്കാട് ഒന്നിലേറെ പേരുകള്‍ പരിഗണനയിലുണ്ട്. പൊതുസ്വതന്ത്രനായി മന്‍സില്‍ ബക്കറിനെ സ്ഥാനാര്‍ഥിയാക്കാനാണ് സിപിഐ നീക്കം. ജില്ലാ നേതാവ് പൊറ്റശ്ശേരി മണികണ്ഠനെയും, ജില്ലാ പഞ്ചായത്ത് അംഗം വി എം ലത്തീഫിനെയും മണ്ഡലം കമ്മിറ്റികള്‍ നിര്‍ദേശിച്ചിട്ടുണ്ട്.

തൃശൂര്‍ ജില്ലയിലെ സിപിഐ സ്ഥാനാര്‍ഥികള്‍ ആറെണ്ണത്തിലും ഏകദേശ ധാരണയായിട്ടുണ്ട്. കൊടുങ്ങല്ലൂരില്‍ കെ ജി ശിവാനന്ദന്‍, കൈപ്പമംഗലത്ത് കെ കെ വത്സരാജ്, നാട്ടികയില്‍ സി സി മുകുന്ദന്‍, ഒല്ലൂരില്‍ കെ രാജന്‍ എന്നിവരാണ് മല്‍സരിക്കുക. ത്രിസൂറില്‍ സാറാമ്മ റോബ്സണ്‍, ഷീല വിജയകുമാര്‍ എന്നിവരാണ് പരിഗണനയിലുള്ളത്.

Tags: