കോഴിക്കോട്: 39 വര്‍ഷം മുന്‍പ് കൂടരഞ്ഞിയില്‍ കൊലപാതകം നടത്തിയെന്ന വേങ്ങര സ്വദേശി മുഹമ്മദലിയുടെ വെളിപ്പെടുത്തലിലെ സാധ്യതകള്‍ തള്ളി തിരുവമ്പാടി മുന്‍ എസ്ഐ. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും അന്ന് അതില്‍ കൊലപാതക സാധ്യത തോന്നിയിരുന്നില്ലെന്നും മരിച്ചയാളുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് നേതൃത്വംനല്‍കിയ റിട്ടയേര്‍ഡ് എസ്ഐ ഒ പി തോമസ് പറഞ്ഞു.
വെള്ളത്തില്‍ വീണത് അപസ്മാരം മൂലമായിരിക്കാമെന്നും കാഴ്ചയില്‍ നല്ലആരോഗ്യമുള്ളയാളായിരുന്നു മരിച്ചയാളെന്നും തോമസ് പറഞ്ഞു. അന്ന് പതിനാല് വയസ്സുമാത്രം പ്രായമുള്ള മുഹമ്മദലിക്ക് അയാളെ കൊലപ്പെടുത്താന്‍ കഴിയുമെന്ന് സംശയമുണ്ടെന്നും ശരീരത്തില്‍ മറ്റ് മുറിവുകളൊന്നും ഉണ്ടായിരുന്നില്ലെന്നും തോമസ് പറയുന്നു. 1986 ഡിസംബര്‍ 1-നാണ് സംഭവം നടന്നതെന്നാണ് മുഹമ്മദലി മൊഴി നല്‍കിയിരിക്കുന്നത്. മരിച്ചയാളെ തോട്ടില്‍ ചവിട്ടിയിട്ടതാണെന്നും, സംഭവത്തിന് രണ്ടുദിവസം മുന്‍പും തര്‍ക്കമുണ്ടായിരുന്നുവെന്നും വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് വിവരങ്ങള്‍ ശേഖരിച്ചുവരുകയാണ്.
1989 സെപ്റ്റംബര്‍ 24-ന് കോഴിക്കോട് വെള്ളയില്‍ കടപ്പുറത്ത് അജ്ഞാതന്‍ മരിച്ച കേസ് തെളിയാത്ത കേസാക്കിയത് (അണ്‍ ഡിക്റ്റക്ട്ഡ്) താന്‍ നടക്കാവ് സിഐയായിരുന്ന കാലത്തായിരുന്നെന്ന് റിട്ട. പോലീസ് സൂപ്രണ്ട് എന്‍ സുഭാഷ് ബാബു ഒരു മാധ്യമത്തോട് പറഞ്ഞു.
''ഈ കേസ് ഓര്‍മ്മിക്കാന്‍ ഒരു കാരണമുണ്ട്. താന്‍ നടക്കാവ് ഇന്‍സ്പെക്ടറായി കുറച്ചുകാലമേ ഉണ്ടായിരുന്നുള്ളൂ. അതിനിടെ ഒരു കൊലപാതകക്കേസില്‍ ആര് കൊന്നു, കൊല്ലപ്പെട്ടതാര്, ദൃക്സാക്ഷികള്‍ ഇല്ലാത്ത, പരാതിക്കാര്‍ ഇല്ലാത്ത ഒരേ ഒരു കേസേയുണ്ടായിരുന്നുള്ളൂ എന്നതുതന്നെയാണ്. 1991 ഫെബ്രുവരിയിലോ മറ്റോ ആണ് കേസ് യുഡിയാക്കിയത്. രണ്ടുവര്‍ഷത്തോളം അന്വേഷണം നടത്തിയിട്ടും ഒരുവിധ തുമ്പും കിട്ടാതിരുന്നതാണ് യുഡിയായി റിപ്പോര്‍ട്ട് ചെയ്യാന്‍ ഇടയാക്കിയത്. റിപ്പോട്ട് അന്നത്തെ കോഴിക്കോട് നോര്‍ത്ത് അസി.കമ്മിഷണര്‍ മുഖേന കമ്മിഷണര്‍ക്ക് നല്‍കിയിരുന്നു. കമ്മിഷണര്‍ അംഗീകരിച്ചാണ് കേസ് തിരിച്ചറിയാത്ത കേസായി മാറ്റിയത്.''-സുഭാഷ് ബാബു ഓര്‍ത്തെടുത്തു.
''വായയും മൂക്കുംപൊത്തി ശ്വാസംമുട്ടിച്ചാണ് കൊലനടത്തിയതെന്ന് അന്നത്തെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ എഴുതിയിരുന്നെന്നാണ് ഓര്‍മ്മ. മുഹമ്മദലി വെളിപ്പെടുത്തിയ മൊഴിയില്‍ പറയുന്ന കഞ്ചാവ് ബാബുവുമായി സാമ്യതയുള്ള ഒരാള്‍ അന്നത്തെ ബംഗ്ളാദേശ് കോളനിയില്‍ ഉണ്ടായിരുന്നു. അയാള്‍തന്നെയാണോ എന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. അതേപേരില്‍ ധാരാളം ബാബുമാര്‍ അന്നത്തെ വിവിധതരം ക്രിമിനല്‍ കേസുകളില്‍ ഉണ്ടായിരുന്നെങ്കിലും കഞ്ചാവ് ബാബു എന്ന് വിളിപ്പേര് വരാന്‍ സാധ്യതയുള്ള ഒരാള്‍ ഉണ്ടായിരുന്നു. ഈ കോളനിയില്‍ അന്നുണ്ടായിരുന്ന ലൈംഗികത്തൊഴിലാളികള്‍ മുഖേനയുള്ള അന്വേഷണത്തിലൂടെയും ഈ ബാബുവിനെ കണ്ടെത്താം. ജീവനോടെയുണ്ടോ നാടുവിട്ടോ എന്നൊന്നും അറിയില്ല''- സുഭാഷ് ബാബു കൂട്ടിച്ചേര്‍ത്തു.

