മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് എല്ലാ കാലത്തുമുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് മാകൃക: വി ഡി സതീശന്‍

Update: 2025-09-01 12:21 GMT

മലപ്പുറം: എല്ലാ കാലത്തുമുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് മാകൃകയാണ് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ ജീവിതമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മലപ്പുറത്ത് അബ്ദുറഹിമാന്‍ സാഹിബ് സ്ഥാപിച്ച അല്‍ അമീന്‍ പത്രത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ സമാപനവും, പ്രഥമ മുഹമ്മദ് അബ്ദുറഹിമാന്‍ മാധ്യമ പുരസ്‌കാര വിതരണവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഹമ്മദ് അബ്ദുറഹിമാന്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ടു നിന്ന പരിപാടികള്‍ക്കാണ് മാധ്യമ സെമിനാറോടെ സമാപനമായത്.

ബ്രിട്ടീഷ് കോളനിവല്‍ക്കരണത്തെ ശക്തമായി എതിര്‍ത്തു. പരിമിതമായ ആശയവിനിമയ സൗകര്യങ്ങള്‍ മാത്രം ഉണ്ടായിരുന്ന കാലത്താണ് അദ്ദേഹം ഒരു പത്രം തുടങ്ങിയത്. ശരിയായ വാര്‍ത്താവിനിമയ മാര്‍ഗ്ഗങ്ങള്‍ ഇല്ലാതിരുന്ന കാലത്ത് നൂറു വര്‍ഷം മുന്‍പ് അല്‍ അമീന്‍ പത്രത്തിലൂടെ മുഹമ്മദ് അബ്ദുറഹ്‌മാന്‍ സാഹിബ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന വലിയൊരു പോരാട്ടത്തിന്റെ സന്ദേശ വാഹകനായി മാറുന്ന വിധത്തിലേക്ക് അദ്ദേഹം അല്‍ അമീന്‍ പത്രത്തെ മാറ്റി. ഒരുപാട് പ്രതിസന്ധികളിലൂടെയാണ് പത്രം കടന്നുവന്നത്. പത്രം പലപ്രാവശ്യം നിരോധിച്ചു, അബ്ദുറഹ്‌മാന്‍ സാഹിബിനെ അറസ്റ്റ് ചെയ്തു. ദേശീയ പ്രസ്ഥാനത്തിന്റെ മുഖമായി അല്‍ അമീന്‍ പത്രം മാറി.

അബ്ദുറഹ്‌മാന്‍ സാഹിബ് ഉയര്‍ത്തിപ്പിടിച്ച മതേതര നിലപാട് ഇന്നും വിസ്മയമാണ്. പൊതുസമൂഹത്തിനു വേണ്ടി അദ്ദേഹം ചെയ്യാത്ത ഒരു കാര്യങ്ങളും ഉണ്ടായിട്ടില്ല. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായി മാറി, ലോകത്ത് ആദ്യമായി ഖിലാഫത്ത് പ്രസ്ഥാനത്തിന് പിന്തുണ കൊടുത്തത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസായിരുന്നു.

പിന്നീട് ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനവും ഖിലാഫത്ത് പ്രസ്ഥാനവും ഒരുമിച്ചാണ് മുന്നോട്ടുപോയത്. ആത്മീയമായ അടിത്തറയിലും അചഞ്ചലമായ ദൈവവിശ്വാസത്തിലും നിന്നുകൊണ്ട് എങ്ങനെ പൂര്‍ണ്ണ മതേതരവാദിയാകാം എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു മുഹമ്മദ് അബ്ദുറഹ്‌മാന്‍ സാഹിബ്. 1937ല്‍ പ്രവിശ്യാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമ്പോള്‍ യാഥാസ്ഥിതികവാദികളായ ആളുകള്‍ അബ്ദുറഹ്‌മാന്‍ സാഹിബിനെതിരില്‍ ഫത്‌വ പുറപ്പെടുവിച്ചു. എന്നിട്ടു പോലും ആ തിരഞ്ഞെടുപ്പില്‍ അദ്ദേഹം നല്ല ഭൂരിപക്ഷത്തിന് വിജയിച്ചു എന്നത് ജനമനസ്സുകളില്‍ അദ്ദേഹത്തിനുണ്ടായിരുന്ന സ്വാധീനമാണ് വ്യക്തമാക്കുന്നത്.

ബ്രിട്ടീഷുകാര്‍ മമ്പുറം തങ്ങളുടെ പിന്‍മുറക്കാരെ തന്ത്രപൂര്‍വ്വം നാടുകടത്തിയപ്പോള്‍ അതിനെതിരേ അബ്ദുറഹിമാന്‍ സാഹിബ് 5000 പേരുടെ മാര്‍ച്ച് നടത്തി. 15 വയസ്സിനു മുകളിലുള്ള പുരുഷന്‍മാരെയെല്ലാം നാടുകടത്തുന്ന ആന്തമാന്‍ സ്‌കീമിനെതിരെ പോരാട്ടം നയിച്ചതും അദ്ദേഹമായിരുന്നു. അങ്ങിനെ അത് അവസാനിപ്പിക്കേണ്ടി വന്നു. മലബാറില്‍ പട്ടിണിയും ദാരിദ്ര്യവും രൂക്ഷമായ കാലത്ത് ജെ ഡി ടി അനാഥാലയം കോഴിക്കോട് തുടങ്ങാന്‍ കാരണമായതും അബ്ദുറഹ്‌മാന്‍ സാഹിബിന്റെ ഇടപെടലുകളാണ്. ദരിദ്രര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കാന്‍ പദ്ധതികളുണ്ടാക്കി. രാഷ്ട്രീയ പ്രവര്‍ത്തകനും സാമൂഹ്യപ്രവര്‍ത്തകനും ജീവകാരുണ്യ പ്രവര്‍ത്തകനും സ്വാതന്ത്ര്യ സമര പോരാളിയും ഖാദി പ്രചാരകനും, മാധ്യമപ്രവര്‍ത്തകനും എല്ലാമായിരുന്നു മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബെന്നും വി ഡി സതീശന്‍ പറഞ്ഞു.

പ്രഥമ മുഹമ്മദ് അബ്ദുറഹിമാന്‍ മാധ്യമ പുരസ്‌കാരം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സണ്ണിക്കുട്ടി എബ്രഹാമിന് വി ഡി സതീശന്‍ സമ്മാനിച്ചു. ടെലഗ്രാഫ് മുന്‍ എഡിറ്റര്‍ ആര്‍ രാജഗോപാലും, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ സണ്ണിക്കുട്ടി എബ്രഹാമുമാണ് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായത്. ആര്‍ രാജഗോപാലിനു പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. മുഹമ്മദ് അബ്ദുറഹിമാന്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് എം എല്‍ എ അധ്യക്ഷനായി. ട്രസ്റ്റ് വര്‍ക്കിങ് ചെയര്‍മാന്‍ വീക്ഷണം മുഹമ്മദ് സ്വാഗതം പറഞ്ഞു. കെ പി സി സി വര്‍ക്കിങ്ങ് പ്രസിഡന്റ് എപി അനില്‍കുമാര്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് വി എസ് ജോയ്, പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ എന്‍ പി ചെക്കുട്ടി, സണ്ണിക്കുട്ടി എബ്രഹാം, മുന്‍ എം പി സി ഹരിദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

'മാധ്യമ രംഗം നേരിടുന്ന വെല്ലുവിളികള്‍ ' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ എന്‍ പി ചെക്കുട്ടി, കെ പി നൗഷാദ് അലി, എസ് മഹേഷ് കുമാര്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ച് സംസാരിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറി ആലിപ്പറ്റ ജമീല, ജില്ലാ യു ഡി എഫ് ചെയര്‍മാന്‍ പി ടി അജയ്മോഹന്‍,വി എ കരീം, വി സുധാകരന്‍, റിയാസ് മുക്കോളി എന്നിവര്‍ സംസാരിച്ചു. ട്രസ്റ്റ് സെക്രട്ടറി പി കെ നൗഫല്‍ ബാബു നന്ദി പറഞ്ഞു.

Tags: