പുതിയ പോലിസ് മേധാവി: എം ആര്‍ അജിത് കുമാറും പട്ടികയില്‍

Update: 2025-03-14 16:27 GMT

തിരുവനന്തപുരം: പുതിയ ഡിജിപിക്കായുള്ള പട്ടികയില്‍ എഡിജിപി എം ആര്‍ അജിത്കുമാറും. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് അയച്ച മുതിര്‍ന്ന ആറ് ഉദ്യോഗസ്ഥരുടെ പട്ടികയിലാണ് അജിത്കുമാറിന്റെ പേരും ഉള്‍പ്പെട്ടിരിക്കുന്നത്. നിലവിലെ ഡിജിപി ഷേഖ് ദര്‍വേഷ് സാഹിബ് ജൂണില്‍ വിരമിക്കുന്ന ഒഴിവിലാണ് ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കൈമാറിയിരിക്കുന്നത്.

റോഡ് സേഫ്റ്റി കമ്മീഷണര്‍ നിധിന്‍ അഗര്‍വാള്‍ പട്ടികയില്‍ ഏറ്റവും സീനിയറാണ്. വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്ത, ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം, എസ്പിജി അഡീഷണല്‍ ഡയറക്ടര്‍ സുരേഷ് രാജ് പുരോഹിത്, ഇന്റലിജന്‍സ് ബ്യൂറോ അഡീഷണല്‍ ഡയറക്ടര്‍ റവാഡ ചന്ദ്രശേഖര്‍ എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവര്‍. 30 വര്‍ഷം ഐപിഎസ് സര്‍വീസ് പൂര്‍ത്തിയാക്കുന്നവരെയാണ് സംസ്ഥാന പോലിസ് മേധാവിമാരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത്. അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചിരുന്നു.