മധ്യപ്രദേശില്‍ വൈസ് ചാന്‍സലര്‍മാര്‍ ഇനി 'കുലഗുരു' എന്നറിയപ്പെടും; പേരുമാറ്റത്തിന്‌ മന്ത്രിസഭ അംഗീകാരം നല്‍കി

Update: 2024-07-02 08:57 GMT

ഭോപ്പാല്‍: സംസ്ഥാനത്തെ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെ 'കുലഗുരു' എന്ന് വിളിക്കാന്‍ തീരുമാനിച്ച് മധ്യപ്രദേശ് മന്ത്രിസഭ. മന്ത്രിസഭ യോഗത്തിന് മുമ്പാകെ അവതരിപ്പിച്ച നിര്‍ദ്ദേശം ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു.

'നമ്മുടെ സംസ്‌കാരവുമായി നമ്മുടെ വേരുകള്‍ ബന്ധിപ്പിക്കുന്ന ഇത്തരം തീരുമാനങ്ങള്‍ സംസ്ഥാനത്തും എടുക്കുമെന്ന് തീരുമാനിച്ചു. അതിനാല്‍ നേരത്തെ എടുത്ത തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരെ (കുലപതി) കുലഗുരു എന്ന് അഭിസംബോധന ചെയ്യും. ഈ മാസം ഗുരുപൂര്‍ണിമ ആഘോഷിക്കുന്നതിനാല്‍ അതിന്റെ പ്രാധാന്യം വര്‍ധിക്കുന്നു' മുഖ്യമന്ത്രി മോഹന്‍ യാദവ് പറഞ്ഞു.ചില സംസ്ഥാനങ്ങള്‍ ഈ പേരുമാറ്റത്തില്‍ താത്പര്യം പ്രകടിപ്പിച്ച് വിശദാംശങ്ങള്‍ തേടിയതായും അദ്ദേഹം അറിയിച്ചു. ഗോഹത്യ ലക്ഷ്യമിട്ട് പശുക്കളെ കടത്തുന്ന പ്രവൃത്തിയില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ പിടികൂടിയാല്‍ കണ്ടുകെട്ടാന്‍ നടപടി സ്വീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.


Tags: