നവരാത്രി ആഘോഷത്തിന് മാംസ വില്‍പ്പന കടകള്‍ പൂട്ടണമെന്ന് ബിജെപി എംഎല്‍എ; നഷ്ടപരിഹാരം നല്‍കണമെന്ന് കോണ്‍ഗ്രസ്

Update: 2025-03-28 15:01 GMT

ഭോപ്പാല്‍: ഹിന്ദുക്കള്‍ നവരാത്രി ആഘോഷിക്കുന്ന ദിവസങ്ങളില്‍ മധ്യപ്രദേശിലെ മാംസം വില്‍ക്കുന്ന കടകള്‍ അടച്ചിടണമെന്ന് ബിജെപി എംഎല്‍എ രാമേശ്വര്‍ ശര്‍മ. മതസൗഹാര്‍ദ്ദത്തിന്റെ കാര്യം പറയുന്നവര്‍ ഇപ്പോഴെങ്കിലും ഹിന്ദുക്കളുടെ വികാരങ്ങള്‍ മാനിക്കണം. ഏതാനും ദിവസം മാംസഭക്ഷണം ഒഴിവാക്കിയാല്‍ ആരെങ്കിലും പട്ടിണികിടക്കുമോ?. ഹിന്ദു-മുസ്‌ലിം ഐക്യം ഉണ്ടാവണമെങ്കില്‍ ഹിന്ദുക്കളുടെ വികാരങ്ങളെ ബഹുമാനിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

എന്നാല്‍, ഈ നിലപാടിനെ സാമ്പത്തിക പ്രശ്‌നമായി എടുത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തില്‍ കടകള്‍ അടക്കുന്നത് ശരിയല്ലെന്ന് കോണ്‍ഗ്രസ് വക്താവ് ഫിറോസ് സിദ്ദീഖി പറഞ്ഞു. ഒമ്പത് ദിവസം കട പൂട്ടിയിടുമ്പോള്‍ വലിയ നഷ്ടമുണ്ടാവും. അതിനാല്‍ കട ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.