ചെന്നൈ: മകന്റെ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മായിയമ്മയെ പോലിസ് അറസ്റ്റ് ചെയ്തു. ശങ്കരാപുരം വിരിയൂര്‍ ഗ്രാമത്തിലെ കള്ളക്കുറിച്ചിയിലാണ് സംഭവം. മരിയ റൊസാരിയോയുടെ ഭാര്യ നന്ദിനി (29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മരിയ റൊസാരിയോയുടെ മാതാവ് മേരി (55) അറസ്റ്റിലായി. ഇവരെ സഹായിച്ച രണ്ട് ബന്ധുക്കളും പോലിസ് കസ്റ്റഡിയിലാണ്.
ഇതര ജാതിയില്‍പ്പെട്ട നന്ദിനിയെ മകന്‍ വിവാഹം കഴിച്ചത് മേരിക്ക് ഇഷ്ടമായിരുന്നില്ല. എട്ടുവര്‍ഷം മുന്‍പ് ആദ്യ ഭര്‍ത്താവിന്റെ മരണശേഷമാണ് നന്ദിനി മരിയ റൊസാരിയോയെ വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹത്തിന് മേരിക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല. മറ്റൊരു മതത്തില്‍ നിന്ന് മകന്‍ വിവാഹം കഴിക്കുന്നത് ഇഷ്ടമല്ലാത്ത മേരിക്ക് നന്ദിനി ശത്രുവിനെ പോലെയായിരുന്നു.
ദമ്പതികളുടെ ജീവിതത്തില്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കാന്‍ മേരി ശ്രമിച്ചിരുന്നു. നന്ദിനിക്ക് അഞ്ചുവയസ്സുള്ള ഒരു മകനുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച ഒരു മതപരമായ ചടങ്ങിനു പോകാനെന്ന വ്യാജേന മേരി നന്ദിനിയെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോവുകയും കഴുത്തറത്തു കൊല്ലുകയുമായിരുന്നു.
രണ്ടു ദിവസം കഴിഞ്ഞിട്ടും നന്ദിനി തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് മരിയ റൊസാരിയോ പോലിസില്‍ പരാതി നല്‍കി. മേരിയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകം പുറത്തറിയുന്നത്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.