കിണറ്റില്‍ വീണ മകളെ രക്ഷിക്കാന്‍ അമ്മയും ചാടി; രണ്ടു പേരെയും നാട്ടുകാര്‍ രക്ഷിച്ചു
പാറശ്ശാല: കിണറ്റില്‍വിണ രണ്ടരവയസ്സുകാരിയെയും രക്ഷിക്കുവാന്‍ പിന്നാലെ ചാടിയ അമ്മയെയും നാട്ടുകാര്‍ രക്ഷിച്ചു. പൊന്‍വിള വിനീതിന്റെ മകള്‍ അനാമിക, ഭാര്യ ബിന്ദു എന്നിവരെയാണ് രക്ഷിച്ചത്. വീടിനു സമീപത്ത് മതില്‍ നിര്‍മിക്കുവാനായി തീര്‍ത്ത മണ്‍കൂനയ്ക്ക് മുകളില്‍ നിന്ന് കളിക്കുകയായിരുന്ന അനാമിക അബദ്ധത്തില്‍ കിണറ്റിലേക്കു വീഴുകയായിരുന്നു. ഇതുകണ്ട ബിന്ദു കുഞ്ഞിനെ രക്ഷിക്കാനായി പിന്നാലെ ചാടി. കുഞ്ഞിനെ വെള്ളത്തിനു മുകളില്‍ സുരക്ഷിതയാക്കിയശേഷം ബിന്ദു നിലവിളിച്ചു. ഇതുകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും രക്ഷപ്പെടുത്തി. പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കുശേഷം കുട്ടിയെ എസ്എടി ആശുപത്രിയിലേക്കു മാറ്റി.