പൂന്തുറയിലെ അമ്മയുടേയും മകളുടേയും ആത്മഹത്യ; മകളുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍

ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

Update: 2026-01-22 11:45 GMT

തിരുവനന്തപുരം: പൂന്തുറയിലെ അമ്മയുടേയും മകളുടേയും ആത്മഹത്യയ്ക്ക് കാരണം മകളുടെ ഭര്‍ത്താവെന്ന് റിപോര്‍ട്ട്. മരണത്തില്‍ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. കുറിപ്പില്‍ മകള്‍ ഗ്രീമയുടെ ഭര്‍ത്താവിനെതിരേ പരാമര്‍ശം. മകള്‍ക്ക് 200 പവന്‍ സ്വര്‍ണം സ്ത്രീധനമായി നല്‍കിയിട്ടും അത് മതിയാകില്ലെന്ന് പറഞ്ഞു അപമാനിച്ചതായി ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. ആറ് വര്‍ഷം മാനസിക പീഡനവും അവഗണനയും നേരിട്ടുവെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. ഗ്രീമയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണനെ പോലിസ് കസ്റ്റഡിയിലെടുത്തു.

25 ദിവസമാണ് മകളും മരുമകന്‍ ഉണ്ണികൃഷ്ണനും ഒന്നിച്ച് താമസിച്ചത്. ഉണ്ണികൃഷ്ണന്‍ ഉപയോഗിച്ച ഉടുപ്പ് പോലെ മകളെ ഉപേക്ഷിച്ചു. മകള്‍ കെഞ്ചി കരഞ്ഞിട്ടും അവനു വേണ്ട. പിരിയാന്‍ തക്ക കാരണം ഒന്നുമില്ല. എന്തൊക്കെയോ നിസാര കാരണങ്ങള്‍. അപമാന ഭാരം ഇനിയും സഹിക്കാന്‍ വയ്യ. മടുത്തു മതിയായി. ഈ സ്വത്തുക്കള്‍ എല്ലാം ഒരു പെണ്ണിന്റെ ശാപം വീണ സ്വത്തുക്കളാണ്. ഉണ്ണിയും ഉണ്ണിയുടെ സഹോദരന്മാരും ഈ സ്വത്തുക്കള്‍ അനുഭവിക്കാന്‍ ഇടവരരുതെന്നും ആത്മഹത്യാ കുറിപ്പില്‍ സജിതയും ഗ്രീമയും വിശദമാക്കുന്നത്.

കഴിഞ്ഞ ദിവസമാണ് പൂന്തുറ സ്വദേശിനി സജന, മകള്‍ ഗ്രീമ എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം പൂന്തുറ കമലേശ്വരത്തെ വീട്ടിനുള്ളില്‍ ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വളരെ വേഗത്തില്‍ മരണം സംഭവിച്ചതും ആത്മഹത്യാ കുറിപ്പിലെ പരാമര്‍ശവുമാണ് സയനൈഡാണ് മരണകാരണമെന്ന സംശയത്തിന് ബലം നല്‍കുന്നത്. സൈനൈഡ് എങ്ങനെ ലഭിച്ചുവെന്നതില്‍ ദുരൂഹത തുടരുകയാണ്. ഫാമിലി വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആത്മഹത്യ കുറിപ്പിട്ട ശേഷമായിരുന്നു അമ്മയുടേയും മകളുടേയും ആത്മഹത്യ. ഇതേതുടര്‍ന്ന് ഗ്രീമയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണനെ പോലിസ് കസ്റ്റഡിയിലെടുത്തു.