തിരുവനന്തപുരം: കേരളത്തിലെ അതിദരിദ്രരില്‍ ഭൂരിഭാഗവും കടക്കെണിയിലാവുന്നത് വീട് നിര്‍മാണം മൂലമെന്ന് റിപോര്‍ട്ട്. ഏകദേശം 25.4 ശതമാനം പേരാണ് വീട്‌നിര്‍മാണം മൂലം കടക്കെണിയിലായതെന്ന് സംസ്ഥാന വികേന്ദ്രീകൃത ആസൂത്രണസമിതിയുടെ റിപോര്‍ട്ട് പറയുന്നു. ആശുപത്രി ചെലവുകള്‍ക്ക് വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങുന്നവരാണ് തൊട്ടുപിന്നില്‍. 23.5 ശതമാനം വരുമിത്. മക്കളുടെ വിവാഹ ആവശ്യത്തിന് കടക്കെണിയില്‍പ്പെട്ട അതിദരിദ്രര്‍ 6.8 ശതമാനമാണ്. മക്കളുടെ വിദ്യാഭ്യാസത്തിന് വായ്പയെടുത്ത് കടക്കെണിയിലായത് നാലുശതമാനം പേര്‍മാത്രം.
സംസ്ഥാനത്തെ 12,326 അതിദരിദ്ര കുടുംബങ്ങള്‍ വിവിധ സ്ഥാപനങ്ങളില്‍നിന്ന് വായ്പയെടുത്തിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ ആയിരത്തിലധികം കുടുംബങ്ങള്‍വീതം ഇതില്‍ ഉള്‍പ്പെടും. കടക്കെണിയില്‍പ്പെട്ട 19.6 ശതമാനം പേരും പലിശയടക്കമുള്ള ഒരുതുകപോലും തിരികെ അടച്ചിട്ടില്ല.40 ശതമാനം പേര് വായ്പാത്തുകയുടെ 25 ശതമാനത്തില്‍ താഴെ തിരിച്ചടച്ചിട്ടുണ്ട്. സഹകരണബാങ്കുകളില്‍ നിന്നാണ് കൂടുതല്‍ പേരും വായ്പ എടുത്തിരിക്കുന്നത്. 32 ശതമാനത്തിലധികം വരുമിത്. കുടുംബശ്രീയുടെ മൈക്രോഫിനാന്‍സ് സംരംഭങ്ങളില്‍നിന്ന് വായ്പയെടുത്തവര്‍ 25 ശതമാനമാണ്. വാണിജ്യബാങ്കുകളില്‍നിന്ന് വായ്പനേടിയവര്‍ 12.7 ശതമാനം. സ്വകാര്യവ്യക്തികളോട് പലിശയ്ക്ക് പണം വാങ്ങിയവര്‍ 12 ശതമാനത്തോളം വരും.
10,000 മുതല്‍ രണ്ടുലക്ഷം രൂപവരെയാണ് കൂടുതല്‍ വായ്പയും. 75 ശതമാനം പേര്‍ ഈ പരിധിയിലാണ് വായ്പ എടുത്തിരിക്കുന്നത്. രണ്ട് ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയില്‍ കടംവാങ്ങിയിരിക്കുന്നത് 14 ശതമാനത്തോളം. അഞ്ച് ലക്ഷത്തിന് മുകളില്‍ നാല് ശതമാനം പേര്‍. ഇതില്‍ ആറ് ശതമാനത്തോളം പേര് ഏതെങ്കിലും തരത്തിലുള്ള ജപ്തി നടപടി നേരിടുന്നുണ്ടെന്നും റിപോര്‍ട്ട് പറയുന്നു