ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം കുതിക്കുന്നു; 2020 മുതല്‍ ഒന്‍പത് ലക്ഷത്തിലധികം പേര്‍ നാടുവിട്ടു
ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി ഗണ്യമായ വര്‍ധനയുണ്ടായതായി റിപോര്‍ട്ട്. 2020 മുതല്‍ ഇതുവരെ ഒന്‍പത് ലക്ഷത്തിലധികം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2022 മുതല്‍ പ്രതിവര്‍ഷം രണ്ടുലക്ഷത്തിലധികം പേര്‍ വീതം പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യുന്നുവെന്ന വിവരമാണ് പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ സര്‍ക്കാര്‍ പങ്കുവച്ചത്. 2011 മുതല്‍ 2024 വരെ 20 ലക്ഷത്തിലധികം പേര്‍ ഇന്ത്യയുടെ പൗരത്വം ഉപേക്ഷിച്ചതായും, പ്രത്യേകിച്ച് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെയാണ് ഇതില്‍ പ്രകടമായ വര്‍ധന രേഖപ്പെടുത്തിയതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. കോവിഡ് മഹാമാരിക്കു ശേഷവും ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് കുടിയേറുന്നവരുടെ എണ്ണം ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്.
പൗരത്വം ഉപേക്ഷിക്കുന്നതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്, അത് വ്യക്തിപരമായ തീരുമാനങ്ങളാണെന്നും ബന്ധപ്പെട്ട വ്യക്തികള്‍ക്കു മാത്രമേ അതിന്റെ യഥാര്‍ഥ കാരണം അറിയുകയുള്ളുവെന്നും വിദേശകാര്യ മന്ത്രാലയം പാര്‍ലമെന്റില്‍ മറുപടി നല്‍കി. ആഗോള തൊഴില്‍ സാഹചര്യങ്ങളും അവസരങ്ങളും ഇന്ത്യ ഗൗരവത്തോടെ വിലയിരുത്തുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. യുകെ, കാനഡ, യുഎസ് എന്നീ രാജ്യങ്ങളിലേക്കാണ് പ്രധാനമായും ഇന്ത്യയില്‍ നിന്ന് ആളുകള്‍ പൗരത്വം ഉപേക്ഷിച്ച് കുടിയേറുന്നത്.
അതേസമയം, മെച്ചപ്പെട്ട ജീവിത നിലവാരവും തൊഴില്‍ അവസരങ്ങളും തേടി ഇന്ത്യക്കാര്‍ വിദേശത്തേക്ക് പോകുന്ന പ്രവണത 1970കളില്‍ തന്നെ ശക്തമായിത്തുടങ്ങിയതായും, കാലക്രമേണ അതിന്റെ തീവ്രത വര്‍ധിച്ചതായും പഠനങ്ങള്‍ വ്യക്തമാക്കുന്നു. 1970കളില്‍ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരുമായിരുന്നു പ്രധാനമായും രാജ്യം വിട്ടിരുന്നതെങ്കില്‍, ഇന്ന് സമ്പന്ന വിഭാഗമാണ് പൗരത്വം ഉപേക്ഷിക്കുന്നവരില്‍ മുന്നിലുള്ളത്. 2020കളില്‍ ഈ പ്രവണത ഉച്ചസ്ഥായിയിലെത്തിയതായും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇരട്ട പൗരത്വം ഇന്ത്യ അനുവദിക്കാത്തതാണ് പൗരത്വം ഉപേക്ഷിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതെന്ന വാദവും ശക്തമാണ്. യുഎസ്, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ ജീവിതവും തൊഴില്‍ സാഹചര്യങ്ങളും ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ അനുകൂലമാണെന്ന ധാരണ പലര്‍ക്കുമുണ്ടാകുന്നതായും പഠനങ്ങള്‍ പറയുന്നു. അതേസമയം, ഏറെ വേദനയോടെയാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചതെന്നും, ഇരട്ട പൗരത്വം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ അഭിപ്രായം പങ്കുവയ്ക്കുന്നവരും കുറവല്ല.
ഇന്ത്യന്‍ നിയമപ്രകാരം, ഒരു ഇന്ത്യന്‍ പൗരന്‍ മറ്റൊരു രാജ്യത്തിന്റെ പൗരത്വം സ്വീകരിക്കുന്നതോടെ ഇന്ത്യന്‍ പൗരത്വം സ്വാഭാവികമായി നഷ്ടമാകും. ഇതോടെ വോട്ടവകാശം, സാമൂഹിക-സുരക്ഷാ ആനുകൂല്യങ്ങള്‍, അനിശ്ചിതകാലം ഇന്ത്യയില്‍ താമസിക്കാനുള്ള അവകാശം എന്നിവയും നഷ്ടമാകും. പൊതുമേഖലാ ജോലികള്‍ക്കും അര്‍ഹതയുണ്ടാകില്ല. ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ പദവി ലഭിക്കുന്നവര്‍ക്ക് വിസരഹിത യാത്രയും ചില സാമ്പത്തിക അവകാശങ്ങളും ലഭിക്കുമെങ്കിലും, വോട്ട് ചെയ്യാനോ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനോ ഭരണഘടനാ പദവികള്‍ വഹിക്കാനോ അവകാശമില്ല.

