9,500ലധികം ഫലസ്തീനികള്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയിലെന്ന് ഗവണ്‍മെന്റ് മീഡിയ ഓഫീസ്
ഗസ: 9,500ലധികം ഫലസ്തീനികളെ കുറിച്ച് ഇപ്പോഴും വിവരമില്ലെന്ന് ഗസയിലെ ഉദ്യോഗസ്ഥര്‍. ഇസ്രായേലി ഉപരോധവും അതിന്റെ ഫലമായുണ്ടാകുന്ന ഉപകരണങ്ങളുടെ ക്ഷാമവും കാരണം പലരുടെയും മൃതദേഹങ്ങള്‍ ഇപ്പോളും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍തന്നെയാണെന്ന് അവര്‍ വ്യക്തമാക്കി.
ഇസ്രായേലിന്റെ തീവ്രമായ ബോംബാക്രമണത്തെത്തുടര്‍ന്ന് ഗസ മുനമ്പിലുടനീളം തകര്‍ന്ന വീടുകളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങള്‍ക്കടിയില്‍ കാണാതായ മൃതദേഹങ്ങളില്‍ ഭൂരിഭാഗവും ഉണ്ടെന്ന് ഗസയിലെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് ഡയറക്ടര്‍ ഇസ്മായില്‍ അല്‍-തവാബ്ത പറഞ്ഞു. കാണാതായ മൃതദേഹങ്ങളുടെ പ്രശ്‌നമെന്നത് ഏറ്റവും വേദനാജനകവും സങ്കീര്‍ണ്ണവുമായ മാനുഷിക കേസുകളിലൊന്നാണെന്ന് അദ്ദേഹം പറഞ്ഞു. ഇരകളില്‍ കൂടുതലും സ്ത്രീകളും കുട്ടികളുണ്. നിരവധി ആരോഗ്യപ്രവര്‍ത്തകരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുണ്ട്.
2023 ഒക്ടോബര്‍ മുതല്‍ ഗസയ്ക്കെതിരായ ഇസ്രായേലിന്റെ യുദ്ധത്തില്‍ 68,000-ത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും 170,000-ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.