ഏഴു മാസത്തില്‍ 30,000ത്തിലധികം ഗതാഗത നിയമലംഘനങ്ങള്‍; ദുബയില്‍ ആര്‍ടിഎയുടെ സ്മാര്‍ട്ട് സിസ്റ്റം കര്‍ശനമായി
ദുബയ്: ദുബയ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) 2025 ജനുവരി മുതല്‍ ജൂലയ് വരെ സ്മാര്‍ട്ട് മോണിറ്ററിങ്ങ് സെന്റര്‍ ഉപയോഗിച്ച് നടത്തിയ നിരീക്ഷണങ്ങളില്‍ 30,000ത്തിലധികം ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി റിപോര്‍ട്ട് ചെയ്തു. ടാക്‌സി, ലക്ഷ്വറി ട്രാന്‍സ്പോര്‍ട്ട് സര്‍വീസുകള്‍ എന്നിവയില്‍ 4.28 ലക്ഷം നിരീക്ഷണങ്ങള്‍ നടത്തുകയും അതില്‍ 29,886 ലംഘനങ്ങള്‍ കണ്ടെത്തുകയും ചെയ്തു. ഇതില്‍ 3,127 ഓവര്‍സ്പീഡ് ലംഘനങ്ങളും 4,251 ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതുമാണ്. കൂടാതെ 652 സീറ്റ് ബെല്‍റ്റ് ലംഘനങ്ങളും കണ്ടെത്തിയതായി അധികാരികള്‍ അറിയിച്ചു.
സുരക്ഷയും നിയമാനുസരണവും ഉറപ്പാക്കുന്നതില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അടിസ്ഥാനത്തിലുള്ള മോണിറ്ററിങ്ങ് സിസ്റ്റങ്ങള്‍ നിര്‍ണായകമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഗതാഗത പ്രവര്‍ത്തന നിരീക്ഷണ വിഭാഗം ഡയറക്ടര്‍ സഈദ് അല്‍ ബലൂഷി വ്യക്തമാക്കി. ഡ്രൈവര്‍മാരുടെ പെരുമാറ്റം കൂടുതല്‍ കാര്യക്ഷമമായി വിലയിരുത്തുന്നതിനായി സ്മാര്‍ട്ട് മോണിറ്ററിങ്ങ് സംവിധാനങ്ങളുടെ പരിധി ഉടന്‍ വിപുലീകരിക്കുമെന്നും ആര്‍ടിഎ അറിയിച്ചു.