ന്യൂഡല്‍ഹി: അമേരിക്ക സന്ദര്‍ശിക്കാന്‍ വിസ കാത്തിരിക്കുന്ന ഇന്ത്യന്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി പുതിയ റിപോര്‍ട്ട് പുറത്തുവന്നു. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ പ്രധാന മെട്രോ നഗരങ്ങളില്‍ വിസ അഭിമുഖത്തിനായി മാസങ്ങളോളം കാത്തിരിക്കേണ്ട സാഹചര്യമാണുള്ളത്.
വിനോദസഞ്ചാരവും ബിസിനസ് ആവശ്യങ്ങളും ഉള്‍പ്പെടുന്ന ബി1/ബി2 വിസ വിഭാഗങ്ങളിലേക്കുള്ള അപേക്ഷകളുടെ വര്‍ധനയാണ് കാത്തിരിപ്പ് സമയത്തില്‍ വലിയ ഉയര്‍ച്ചയ്ക്ക് കാരണമായിരിക്കുന്നത്. ഫെബ്രുവരി 13നുള്ള കണക്കുകള്‍ പ്രകാരം മുംബൈയിലാണ് ഏറ്റവും കൂടുതല്‍ കാത്തിരിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടെ ശരാശരി 9.5 മാസമാണ് അഭിമുഖത്തിനായി കാത്തിരിക്കേണ്ടത്. ന്യൂഡല്‍ഹിയില്‍ 6.5 മാസം, ഹൈദരാബാദില്‍ 7.5 മാസം എന്നിങ്ങനെയും കാത്തിരിപ്പ് തുടരുന്നു. അതേസമയം, തെക്കേ ഇന്ത്യയില്‍ അപേക്ഷകര്‍ക്ക് ആശ്വാസകരമായ സാഹചര്യമാണ് ചെന്നൈയില്‍ കാണുന്നത്. ഇവിടെ ശരാശരി 1.5 മാസത്തിനുള്ളില്‍ അഭിമുഖ സമയം ലഭ്യമാണ്. കൊല്‍ക്കത്തയില്‍ 2.5 മാസമാണ് കാത്തിരിപ്പ്.
അപേക്ഷകരുടെ എണ്ണത്തില്‍ വരുന്ന മാറ്റങ്ങളും സ്റ്റാഫ് ലഭ്യതയുമെല്ലാം കാത്തിരിപ്പ് സമയത്തെ സ്വാധീനിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. അതിനാല്‍ യുഎസ് യാത്ര ആസൂത്രണം ചെയ്യുന്നവര്‍ വിസ അഭിമുഖ സ്ലോട്ട് ഉറപ്പാക്കിയതിന് ശേഷമേ വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവൂവെന്നാണ് നിര്‍ദേശം. മുന്‍കൂട്ടിയുള്ള പ്ലാനിംഗിലൂടെ അനാവശ്യമായ യാത്രാ തടസ്സങ്ങള്‍ ഒഴിവാക്കാനാകുമെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.