കേരള തീരത്ത് മത്തിയുടെ ലഭ്യതയില്‍ ഏറ്റക്കുറച്ചില്‍; മണ്‍സൂണ്‍ സ്വാധീനം നിര്‍ണായകമെന്ന് കേന്ദ്രമന്ത്രി

Update: 2025-12-15 09:16 GMT

ന്യൂഡല്‍ഹി: കേരള തീരപ്രദേശത്ത് മത്തിയുടെ ലഭ്യതയില്‍ ഗണ്യമായ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ഡയറി മന്ത്രി രാജീവ് രഞ്ജന്‍ സിങ് വ്യക്തമാക്കി. മണ്‍സൂണ്‍ കാലത്തെ മഴയും അതിനെ തുടര്‍ന്നുണ്ടാകുന്ന പോഷകസമ്പുഷ്ടമായ കടല്‍ജല ഉയര്‍ച്ചയും മത്തിയുടെ വര്‍ധനവില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നുവെന്നാണ് ശാസ്ത്രീയ വിലയിരുത്തലെന്ന് മന്ത്രി പറഞ്ഞു. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഉള്‍പ്പെടെയുള്ള ശാസ്ത്ര സ്ഥാപനങ്ങളുടെ റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കേരള തീരത്ത് മത്തിയുടെ ലഭ്യതയില്‍ ആശങ്കാജനകമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും, ഇതുമൂലം പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ക്ക് നേരിടുന്ന വരുമാന നഷ്ടത്തെക്കുറിച്ചും ഡോ. എം പി അബ്ദു സമദ് സമദാനി ലോക്‌സഭയില്‍ ഉന്നയിച്ച രേഖാമൂല ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സുസ്ഥിര മല്‍സ്യബന്ധനം പ്രോല്‍സാഹിപ്പിക്കുന്നതിനായി കേന്ദ്ര ഫിഷറീസ് വകുപ്പ് വിവിധ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് മന്ത്രി പറഞ്ഞു. തീരദേശ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അവയുടെ മറൈന്‍ ഫിഷിങ് റെഗുലേഷന്‍ ആക്ടുകള്‍ പ്രകാരം ഗിയര്‍ നിയന്ത്രണങ്ങളും മെഷ് സൈസ് മാനദണ്ഡങ്ങളും കര്‍ശനമായി നടപ്പാക്കണമെന്ന് കേന്ദ്രം ഉപദേശിക്കുന്നുണ്ട്. അതേസമയം, മല്‍സ്യസമ്പത്തിന്റെ പുനരുജ്ജീവനത്തിനായി ഇന്ത്യയുടെ എക്‌സ്‌ക്ലൂസീവ് സാമ്പത്തിക മേഖലയിലുടനീളം വര്‍ഷംതോറും അറുപത്തിയൊന്നു ദിവസത്തെ സംരക്ഷണ മാനേജ്‌മെന്റ് നടപടികള്‍ നടപ്പാക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

കടലില്‍ മല്‍സ്യത്തൊഴിലാളികളുടെ സുരക്ഷയും നിരീക്ഷണവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി പിഎംഎസ്‌വൈ പ്രകാരം വെസല്‍ കമ്യൂണിക്കേഷന്‍ ആന്‍ഡ് സപ്പോര്‍ട്ട് സിസ്റ്റം നടപ്പാക്കുന്നുണ്ടെന്നും, കേരളം ഉള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും മല്‍സ്യബന്ധന മേഖലയുടെ വികസനത്തിനും മല്‍സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനുമായി കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കിവരികയാണെന്നും മന്ത്രി വ്യക്തമാക്കി.

Tags: