ന്യൂഡല്‍ഹി: രാജസ്ഥാന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മണ്‍സൂണ്‍ പിന്‍വാങ്ങിയെന്ന് റിപോര്‍ട്ടുകള്‍. അടുത്ത രണ്ടുദിവസത്തിനുള്ളില്‍ മഴ കുറയുമെന്നാണ് പ്രതീക്ഷയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നിരുന്നാലും, രേഖ ജലവാര്‍, ബന്‍സ്വര എന്നിവിടങ്ങളില്‍ മഴ തുടരുകയാണ്.
മധ്യപ്രദേശിലെ നീമുച്ച്, ഭിന്ദ്, മൊറീന, ഷിയോപൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് മണ്‍സൂണ്‍ ആദ്യം പിന്‍വാങ്ങിയത്. അടുത്ത മൂന്നുദിവസത്തിനുള്ളില്‍ സംസ്ഥാനത്തെ പത്തിലധികം ജില്ലകളില്‍ മണ്‍സൂണ്‍ മഴ അവസാനിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം സജീവമാണെന്നും അടുത്ത 48 മണിക്കൂറിനുള്ളില്‍ ബീഹാറില്‍ കനത്ത മഴ പെയ്യുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. സെപ്റ്റംബര്‍ 23ന് ഉണ്ടായ കനത്ത മഴയ്ക്ക് ശേഷം കൊല്‍ക്കത്തയിലും സ്ഥിതി മെച്ചപ്പെട്ടുവരികയാണ്. സെപ്റ്റംബര്‍ 28വരെ നേരിയതോ മിതമായതോ ആയ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. സെപ്റ്റംബര്‍ 27 ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
പടുലി, സന്തോഷ്പൂര്‍, ബാലിഗഞ്ച്, സാള്‍ട്ട് ലേക്ക് എന്നിവയുള്‍പ്പെടെ നിരവധി പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവയുള്‍പ്പെടെ 15 സംസ്ഥാനങ്ങള്‍ക്ക് ഇന്ന് കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഛത്തീസ്ഗഡിലും മഹാരാഷ്ട്രയിലും ഓറഞ്ച് അലേര്‍ട്ടും മധ്യപ്രദേശ്, ജാര്‍ഖണ്ഡ് എന്നിവയുള്‍പ്പെടെ 13 സംസ്ഥാനങ്ങളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.