ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍കേസില്‍ ഇഡിക്കു മുമ്പില്‍ ഹാജരാകാന്‍ റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിക്ക് സമന്‍സ്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള കേസിലാണ് ഹാജരാകാന്‍ നോട്ടിസ് നല്‍കിയിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി, കഴിഞ്ഞ ആഴ്ച മുംബൈയിലെ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പുമായി ബന്ധപ്പെട്ട 35 ഓളം സ്ഥലങ്ങളില്‍ ഇഡി റെയ്ഡ് നടത്തി. ഏകദേശം 50 കമ്പനികളിലാണ് റെയ്ഡ് നടത്തിയത്.
വ്യാജ ബാങ്ക് ഗ്യാരണ്ടി കേസില്‍ ഒറീസയിലും കൊല്‍ക്കത്തയിലും ഇഡി പരിശോധനകള്‍ നടത്തിവരികയാണ്. അനില്‍ അംബാനിയുടെ സ്ഥാപനത്തിന് കരാര്‍ നല്‍കിയത് ഈ വ്യാജ ബാങ്ക് ഗ്യാരണ്ടിയുടെ അടിസ്ഥാനത്തിലാണ് എന്ന് ഇഡി പറയുന്നു. കൊല്‍ക്കത്തയിലുള്ള അനുബന്ധ സ്ഥാപനത്തിലും തിരച്ചില്‍ നടക്കുന്നുണ്ട്.
ഒഡീഷ ആസ്ഥാനമായുള്ള മെസ്സേഴ്‌സ് ബിസ്വാള്‍ ട്രേഡ് ലിങ്ക് പ്രൈവറ്റ് ലിമിറ്റഡ്, അതിന്റെ ഡയറക്ടര്‍മാര്‍, അസോസിയേറ്റുകള്‍ എന്നിവര്‍ എട്ടു ശതമാനം കമ്മീഷന്‍ ഈടാക്കി വ്യാജ ബാങ്ക് ഗ്യാരണ്ടികള്‍ നല്‍കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി ഇഡി കണ്ടെത്തി.അനില്‍ അംബാനിയുടെ സ്ഥാപനം വ്യാജ കമ്മീഷനുകള്‍ സൃഷ്ടിച്ചതായും ഇഡി ആരോപിച്ചു.കോടിക്കണക്കിന് രൂപയുടെ സംശയാസ്പദമായ ഇടപാടുകള്‍ ഈ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ (ആര്‍ഇന്‍ഫ്ര) സിഎല്‍ഇ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി വഴി ഏകദേശം 10,000 കോടി രൂപ വകമാറ്റിയെന്ന് സെബിയുടെ റിപോര്‍ട്ടില്‍ പറയുന്നു. ശരിയായ വെളിപ്പെടുത്തലുകളില്ലാതെ വലിയ തുകകള്‍ കൈമാറാന്‍ കമ്പനിയെ ഉപയോഗിച്ചുവെന്നും, ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും ഒടുവില്‍ പ്രൊമോട്ടര്‍ ഗ്രൂപ്പിനും നേട്ടമുണ്ടാക്കിയെന്നും സെബി പറഞ്ഞു.
