കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് ഇ ഡി സമന്‍സ് അയച്ചതിന്റെ രേഖ പുറത്ത്
തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഹാജരാകാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് ഇ ഡി സമന്‍സ് അയച്ചതിന്റെ രേഖ പുറത്ത്. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഭവന പദ്ധതിയിലെ ക്രമക്കേട് കണ്ടെത്തിയ ഇ ഡി അതിന്റെ ഭാഗമായാണ് സമന്‍സ് അയച്ചതെന്നാണ് വിവരം. 2023 ഫെബ്രുവരി 14ന് രാവിലെ 10 30ന് ഇ ഡിയുടെ കൊച്ചി ഓഫിസില്‍ ഹാജരാകാനായിരുന്നു സമന്‍സ്. എന്നാല്‍ സിപിഎമ്മും മുഖ്യമന്ത്രിയും അത് മറച്ചുവയ്ക്കുകയായിരുന്നു എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
2018 ലെ പ്രളയബാധിതര്‍ക്കായി വടക്കാഞ്ചേരിയില്‍ നിര്‍മിക്കുന്ന ലൈഫ് മിഷന്‍ ഫ്‌ലാറ്റ് സമുച്ചയ പദ്ധതിയുടെ മറവില്‍ കോടികളുടെ കൈക്കൂലി ഇടപാടു നടന്നെന്നാണ് കേസ്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ 50ാം വകുപ്പിലെ രണ്ട്,മൂന്ന് ഉപവകുപ്പുകള്‍ പ്രകാരമാണ് വിവേകിനു സമന്‍സ് അയച്ചത്. രേഖകളും തെളിവുകളും ഹാജരാക്കുന്നതിനു വിളിച്ചുവരുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥന് അധികാരം നല്‍കുന്നതാണ് രണ്ടാം ഉപവകുപ്പ്. ഇതിനെ ജുഡീഷ്യല്‍ നടപടിക്രമത്തിനു തുല്യമായി കണക്കാക്കുന്നതാണ് മൂന്നാം ഉപവകുപ്പ്.