കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; അനില്‍ അംബാനി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും
ന്യൂഡല്‍ഹി: 17,000 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനി ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകും. ഇഡിയുടെ പരിശോധനക്കു പിന്നാലെ അംബാനിക്ക് സമന്‍സ് അയച്ചിരുന്നു. റിലയന്‍സ് ഹൗസിംഗ് ഫിനാന്‍സ്, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, റിലയന്‍സ് കൊമേഴ്സ്യല്‍ ഫിനാന്‍സ് എന്നിവയ്ക്ക് അനുവദിച്ച വായ്പകളില്‍ സ്വീകരിച്ച സൂക്ഷ്മതയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്ന ഏജന്‍സി 12-13 പൊതുമേഖലാ, സ്വകാര്യ ബാങ്കുകള്‍ക്ക് കത്തെഴുതിയിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, യുസിഒ, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് എന്നിവയില്‍ നിന്ന് വിശദാംശങ്ങള്‍ തേടിയിട്ടുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ ഭാഗമായി ജൂലൈ 24 നാണ് റെയ്ഡുകള്‍ ആരംഭിച്ചത്.
സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ രണ്ട് പ്രഥമ വിവര റിപ്പോര്‍ട്ടുകള്‍ (എഫ്ഐആര്‍) രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്നാണ് റെയ്ഡുകള്‍ നടത്തിയത്. കൂടാതെ ചില കമ്പനികള്‍ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്ന നിരവധി ആരോപണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ (പിഎംഎല്‍എ) വ്യവസ്ഥകള്‍ പ്രകാരം ഡല്‍ഹിയിലും മുംബൈയിലും കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും പരിശോധനകള്‍ നടന്നു.
അനില്‍ അംബാനി ഗ്രൂപ്പ് കമ്പനികളുടെ നിരവധി എക്‌സിക്യൂട്ടീവുകള്‍ ഉള്‍പ്പെടെ 50 കമ്പനികളുടെയും 25 ആളുകളുടെയും ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥലങ്ങള്‍. 25 ലധികം വ്യക്തികളെയും ചോദ്യം ചെയ്തു.പ്രാഥമിക അന്വേഷണത്തില്‍ യെസ് ബാങ്കില്‍ നിന്ന് ഏകദേശം 3,000 കോടി രൂപയുടെ നിയമവിരുദ്ധ വായ്പ വകമാറ്റം (2017 മുതല്‍ 2019 വരെയുള്ള കാലയളവില്‍) കണ്ടെത്തി. പിന്നീട് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡും 14,000 കോടിയിലധികം രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
