കൊച്ചി: ആറ് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ വിറ്റ അമ്മയും കാമുകനും അറസ്റ്റില്‍. കുഞ്ഞുങ്ങള്‍ ഇല്ലാത്ത കടുങ്ങല്ലൂര്‍ സ്വദേശിനിയായ അമ്പത്തിയഞ്ചുകാരിക്കാണ് കുഞ്ഞിനെ വില്‍ക്കാനായി ശ്രമം നടത്തിയത്. കുഞ്ഞിനെ രക്ഷിച്ച് കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ചയാണ് സംഭവം. കുഞ്ഞിന്റെ അമ്മയുടെ പരിചയക്കാരിയായ കടുങ്ങല്ലൂര്‍ സ്വദേശിനിക്കാണ് കുഞ്ഞിനെ വിറ്റത്. കുഞ്ഞിനെ അവര്‍ സ്വീകരിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്നാണ് മാതാപിതാക്കള്‍ കടുങ്ങല്ലൂര്‍ സ്വദേശിനിയോട് പറഞ്ഞതെന്ന് പോലിസ് അറിയിച്ചു.
ഇക്കഴിഞ്ഞ മാസം 26നാണ് കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആലുവ സ്വദേശിയായ യുവതി പ്രസവത്തിനായി അഡ്മിറ്റായത്. ഇവര്‍ വിവാഹിതയും രണ്ട് മക്കളുടെ അമ്മയുമാണ്. ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്നു അവര്‍. ഇതിനിടെയാണ് ജോണ്‍ തോമസ് എന്നയാളുമായി സൗഹൃദത്തിലാകുന്നത്. ഇയാളും വിവാഹിതനും മൂന്ന് മക്കളുടെ പിതാവുമാണ്. ഗര്‍ഭിണിയായ വിവരം യുവതി ജോണ്‍ തോമസില്‍ നിന്നും മറച്ചുവച്ചിരുന്നു. പ്രസവത്തോടെ കുഞ്ഞിനെ ഉപേക്ഷിക്കാനായിരുന്നു തീരുമാനം. തുടര്‍ന്നാണ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയതിനുശേഷം കുഞ്ഞിനെ മറ്റൊരു സ്ത്രീക്ക് വില്‍ക്കാന്‍ തീരുമാനിച്ചത്. ഈ വിവരം അറിയാവുന്ന യുവതിയുടെ സുഹൃത്ത് തന്നെയാണ് പോലിസില്‍ റിപോര്‍ട്ട് ചെയ്തത്.
തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ യുവതിയും പങ്കാളിയും പിടിയിലാകുന്നത്. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് കുഞ്ഞിനെ വിറ്റ വിവരം പുറത്തറിയുന്നത്. കുഞ്ഞിനെ ഉപേക്ഷിക്കല്‍, ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കുഞ്ഞിന്റെ പിതാവിന്റേയും മാതാവിന്റേയും പേരില്‍ കേസ് എടുത്തതായി പോലിസ് അറിയിച്ചു. കുട്ടിയുടെ പിതാവിനെ റിമാന്‍ഡ് ചെയ്തു. ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ അമ്മയെ മഹിളാ മന്ദിരത്തില്‍ പ്രവേശിപ്പിച്ചു.
