മോഹന്‍ലാലിന്റെ ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നിയമവിരുദ്ധം: ഹൈക്കോടതി
കൊച്ചി: പ്രശസ്ത നടന്‍ മോഹന്‍ലാലിന്റെ കൈവശമുള്ള ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി വിധിച്ചു. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആന്‍ഡ് വൈല്‍ഡ്ലൈഫ് 2016ല്‍ നല്‍കിയ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നിയമവിരുദ്ധമാണെന്നാണ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്. തനിക്കെതിരായ ആനക്കൊമ്പ് കേസ് പിന്‍വലിച്ച സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിയ പെരുമ്പാവൂര്‍ കോടതി ഉത്തരവിനെതിരെ മോഹന്‍ലാല്‍ സമര്‍പ്പിച്ച ഹരജിയും മോഹന്‍ലാലിനെതിരേ നടപടി ആവശ്യപ്പെട്ട് ജെയിംസ് മാത്യു എന്നയാള്‍ സമര്‍പ്പിച്ച ഹരജിയുമാണ് ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍ പരിഗണിച്ചത്.
തേവരയിലെ വീട്ടില്‍ നിന്നും 2011ല്‍ ആനക്കൊമ്പ് കണ്ടെത്തിയ സംഭവത്തില്‍ മോഹന്‍ലാല്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് വിചാരണ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കേസ് പിന്‍വലിച്ച സര്‍ക്കാര്‍ നടപടി റദ്ദാക്കിയായിരുന്നു വിചാരണ കോടതി ഉത്തരവ്. അതിനെതിരെ മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിച്ചിരുന്നു. ഈ കേസിലാണ് കോടതി ഇന്ന് അന്തിമ വിധി പറഞ്ഞത്.