തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്; ഡിഎംകെ മുന്നണിയില്‍ നിന്നും നന്നിലം മണ്ഡലത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയായി മുഹമ്മദ് മുബാറക് മല്‍സരിക്കും

Update: 2026-03-29 13:26 GMT

ചെന്നൈ: ഏപ്രില്‍ 23ന് നടക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ നയിക്കുന്ന മുന്നണിയില്‍ നിന്നും നന്നിലം മണ്ഡലത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയായി മുഹമ്മദ് മുബാറക്(നെല്ലയ് മുബാറക്)മല്‍സരിക്കും. ഡിഎംകെ നേതൃത്വത്തിലുള്ള മതേതര പുരോഗമന മുന്നണിയില്‍ കോണ്‍ഗ്രസ്, സിപിഐ, സിപിഎം, മുസ് ലിം ലീഗ്, വിടുതലൈ ചിരുതൈ മക്കള്‍ കക്ഷി, മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം, മനിതനേയ മക്കള്‍ കക്ഷി, എസ്ഡിപിഐ, എംപിപി, എംജെകെ അടക്കമുള്ള പാര്‍ട്ടികളുണ്ട്.

നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ്ഡിപിഐ) മല്‍സരിക്കുന്ന സീറ്റിന്റെ കാര്യത്തില്‍ തീരുമാനമായത്. തിരുവാരൂര്‍ ജില്ലയിലെ നന്നിലം മണ്ഡലമാണ് ഡിഎംകെ മുന്നണി എസ്ഡിപിഐക്ക് അനുവദിച്ചത്. മൂന്ന് സീറ്റാണ് എസ്ഡിപിഐ ആവശ്യപ്പെട്ടിരുന്നത്. ഒരെണ്ണം ചെന്നൈയില്‍ തന്നെ വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ചര്‍ച്ചകള്‍ക്കൊടുവില്‍ ഒരു സീറ്റിന്റെ കാര്യത്തിലാണ് തീരുമാനമായത്. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് നെല്ലയ് മുബാറകാണ് സ്ഥാനാര്‍ഥി. ഡിഎംകെ ചിഹ്നമായ ഉദയസൂര്യന്‍ ആയിരിക്കും നെല്ലയ് മുബാറകിന്റെയും തിരഞ്ഞെടുപ്പ് ചിഹ്നം. ഇതുസംബന്ധിച്ച കരാര്‍ കഴിഞ്ഞ ദിവസം എസ്ഡിപിഐയും ഡിഎംകെയും ഒപ്പുവെച്ചിരുന്നു.

Tags: