കുടുംബത്തിന്റെ സമ്മതമില്ലാതെയുള്ള പ്രണയ വിവാഹങ്ങള്‍ പാടില്ല; പ്രമേയം പാസാക്കി മൊഹാലി ഗ്രാമം

Update: 2025-08-05 05:43 GMT

മൊഹാലി:ഗ്രാമപഞ്ചായത്ത് കുടുംബത്തിന്റെയോ സമൂഹത്തിന്റെയോ സമ്മതമില്ലാതെയുള്ള പ്രണയ വിവാഹങ്ങള്‍ നിരോധിക്കുന്ന പ്രമേയം പാസാക്കി പഞ്ചാബിലെ ഒരു ഗ്രാമം. പഞ്ചാബിലെ മൊഹാലി ജില്ലയിലെ ഗ്രാമത്തിലെ ഈ തീരുമാനം വിവാദങ്ങള്‍ക്ക് വഴിവച്ചു.

ചണ്ഡീഗഡില്‍ നിന്ന് വെറും 10 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മനക്പൂര്‍ ഷെരീഫ് ഗ്രാമപഞ്ചായത്തിന്റെ തീരുമാനത്തിനെതിരേ രാഷ്ട്രീയ നേതാക്കളില്‍ നിന്നും മനുഷ്യാവകാശ വക്താക്കളില്‍ നിന്നും കടുത്ത വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.


ജൂലൈ 31 നാണ് ഗ്രാമ ഗ്രാമ സര്‍പഞ്ച് ദല്‍വീര്‍ സിങ് പ്രമേയം പാസാക്കിയത്. കുടുംബങ്ങളുടെ അനുമതിയില്ലാതെ വിവാഹം കഴിക്കുന്ന ദമ്പതികള്‍ ഗ്രാമത്തിലോ സമീപ പ്രദേശങ്ങളിലോ താമസിക്കരുതെന്നും അത്തരം ദമ്പതികളെ പിന്തുണയ്ക്കുകയോ അഭയം നല്‍കുകയോ ചെയ്യുന്ന ഗ്രാമീണര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

'ഇത് ഒരു ശിക്ഷയല്ല, മറിച്ച് നമ്മുടെ പാരമ്പര്യങ്ങളും മൂല്യങ്ങളും സംരക്ഷിക്കുന്നതിനുള്ള ഒരു പ്രതിരോധ നടപടിയാണ്,' ഗ്രാമ സര്‍പഞ്ച് ദല്‍വീര്‍ സിങ് പറഞ്ഞു.

26 വയസ്സുള്ള ദാവീന്ദര്‍ എന്നയാള്‍ 24 വയസ്സുള്ള തന്റെ അനന്തരവളായ ബേബിയെ വിവാഹം കഴിച്ച സംഭവത്തെ തുടര്‍ന്നാണ് ഈ പ്രമേയം കൊണ്ടുവന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.'ഞങ്ങള്‍ പ്രണയ വിവാഹത്തിനോ നിയമത്തിനോ എതിരല്ല, പക്ഷേ ഞങ്ങളുടെ പഞ്ചായത്തില്‍ അത് അനുവദിക്കുന്നില്ല,' സിങ് കൂട്ടിച്ചേര്‍ത്തു.പ്രമേയം അനുസരിച്ച്, ഇത്തരം യൂണിയനുകള്‍ തടയുന്നതിനുള്ള ഉത്തരവാദിത്തം മുഴുവന്‍ സമൂഹത്തിനും ഉണ്ട്. അയല്‍ ഗ്രാമങ്ങളും സമാനമായ നടപടികള്‍ സ്വീകരിക്കണമെന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടു.

ഈ നീക്കം വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പഞ്ചാബ് സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ രാജ് ലല്ലി ഗില്‍ ഈ പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്ന് വിശേഷിപ്പിച്ചു. 'ഇത് ഭരണഘടനാ വിരുദ്ധമാണ്, അത്തരമൊരു പഞ്ചായത്തിന്റെ തീരുമാനത്തിന് അര്‍ഥമില്ല. ഞങ്ങള്‍ ഇത് പരിശോധിക്കും' അവര്‍ പറഞ്ഞു. പട്യാലയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ധരംവീര ഗാന്ധി പ്രമേയം അപലപനീയം എന്നുപറഞ്ഞു. ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഓരോ മുതിര്‍ന്ന വ്യക്തിയുടെയും മൗലികാവകാശമാണെന്നും അത്തരം ദമ്പതികളെ വിജ്ഞാനവിരുദ്ധ മനോഭാവങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ ഭരണകൂടം ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

Tags: