മോദിയുടെ ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ശതകോടീശ്വരന്മാര്‍ക്കു വേണ്ടിയെന്ന് രാഹുല്‍ഗാന്ധി
ന്യൂഡല്‍ഹി: ബിജെപി സര്‍ക്കരിനെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബിജെപി സര്‍ക്കാരിന്റെ അഴിമതിയും ദുര്‍ഭരണവും കൊണ്ട് ജനജീവിതം ദുസ്സഹമായെന്ന് അദ്ദേഹം പറഞ്ഞു. ജനതാ പാര്‍ട്ടിയുടെ ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ എന്നത് സാധാരണക്കാരന്റെ ജീവിതം നശിപ്പിച്ചെന്നും രാഹുല്‍ ഗാന്ധി നിരീക്ഷിച്ചു.
അംങ്കിത ഭണ്ഡാരിയുടെ കൊലപാതകം, ഉന്നാവോ കേസ്, മധ്യപ്രദേശിലെ ജല ദുരന്തം തുടങ്ങി നിരവധി കാര്യങ്ങള്‍ ഉന്നയിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. അങ്കിത ഭണ്ഡാരിയുടെ കൊലപാതകത്തില്‍ ബിജെപിക്കാരനെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിനെന്ന് പറഞ്ഞ അദ്ദേഹം ബിജെപി സര്‍ക്കാരിനു കീഴില്‍ നിയമവും നീതിയും എല്ലാവര്‍ക്കും ഒരുപോലെയല്ലെന്നും നിരീക്ഷിച്ചു. പണക്കാരന്‍ പണം കൊണ്ട് അധികാരം കൈയ്യാളുമ്പോള്‍ പാവപ്പെട്ടവന് നീതിക്കുവേണ്ടി ഗതി കിട്ടാതെ അലയേണ്ടിവരുന്നെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഉണ്ടായ ദുരന്തത്തിന് ബിജെപി സര്‍ക്കാരാണ് ഉത്തരവാദിയെന്നും എപ്പോള്‍ എന്ത് ദുരന്തമുണ്ടായാലും ഒരു ട്വീറ്റും, നഷ്ടപരിഹാരത്തിന്റെയും കാര്‍ഡിറക്കി ഫോര്‍മാലിറ്റി കളിക്കാനുമാണ് ബിജെപിക്ക് തിടുക്കമെന്നും അവര്‍ക്ക് സാധാരണക്കാരന്റെ ജീവിതത്തോട് യാതൊരുവിധ ഉത്തരവാദിത്തമില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. മോദിയുടേത് ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ ആണ്. എന്നാല്‍ അത് പ്രവര്‍ത്തിക്കുന്നത് ശതകോടീശ്വരന്മാര്‍ക്കു വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.