എല്ലാ ചരിത്ര പൈതൃകങ്ങളും മായ്ച്ചുകളയാനും സ്വന്തം നെയിംപ്ലേറ്റ് സ്ഥാപിക്കാനുമാണ് മോദി ആഗ്രഹിക്കുന്നത്: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

Update: 2026-01-15 11:12 GMT

വാരണാസി: വാരണാസിയിലെ മണികര്‍ണിക ഘട്ടിന്റെ പുനര്‍വികസനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. എല്ലാ ചരിത്ര പൈതൃകങ്ങളും മായ്ച്ചുകളയാനും സ്വന്തം നെയിംപ്ലേറ്റ് സ്ഥാപിക്കാനും മോദി ആഗ്രഹിക്കുന്നുവെന്ന് ഖാര്‍ഗെ ആരോപിച്ചു.

'സൗന്ദര്യവല്‍ക്കരണത്തിന്റെയും വാണിജ്യവല്‍ക്കരണത്തിന്റെയും പേരില്‍, വാരണാസിയിലെ മണികര്‍ണിക ഘട്ടിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മതപരവും സാംസ്‌കാരികവും ആത്മീയവുമായ പൈതൃകം തകര്‍ക്കാന്‍ പ്രധാനമന്ത്രി മോദി ഉത്തരവിട്ടു. അപൂര്‍വ പുരാതന പൈതൃകം നവീകരണത്തിന്റെ മറവില്‍ നിങ്ങള്‍ തകര്‍ത്തു. ,'ഖാര്‍ഗെ എക്സില്‍ കുറിച്ചു.

ഇടനാഴികളുടെ പേരില്‍ ചെറുതും വലുതുമായ ക്ഷേത്രങ്ങളും ആരാധനാലയങ്ങളും തകര്‍ക്കപ്പെടുന്നുണ്ടെന്നും ഇനി പുരാതന ഘട്ടുകളുടെ ഊഴമാണെന്നും ഖാര്‍ഗെ പറഞ്ഞു. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നഗരമായ കാശി, ലോകത്തെ മുഴുവന്‍ ആകര്‍ഷിക്കുന്ന ആത്മീയത, സംസ്‌കാരം, വിദ്യാഭ്യാസം, ചരിത്രം എന്നിവയുടെ സംഗമസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ മോക്ഷം തേടി ലക്ഷക്കണക്കിന് ആളുകള്‍ എല്ലാ വര്‍ഷവും കാശിയില്‍ എത്തുന്നുണ്ടെന്ന് പറഞ്ഞ ഖാര്‍ഗെ, 'ഈ ഭക്തരുടെ വിശ്വാസത്തെ വഞ്ചിക്കുക' എന്ന ഉദ്ദേശ്യം പ്രധാനമന്ത്രിക്ക് ഉണ്ടോ എന്നും ചോദിച്ചു.

'ഇതിനെല്ലാം പിന്നിലെ ലക്ഷ്യം നിങ്ങളുടെ ബിസിനസ് പങ്കാളികള്‍ക്ക് നേട്ടമുണ്ടാക്കുക എന്നതാണോ? നിങ്ങള്‍ വെള്ളവും കാടും മലകളും അവര്‍ക്ക് കൈമാറി, ഇനി നമ്മുടെ സാംസ്‌കാരിക പൈതൃകത്തിന്റെ ഊഴമാണ്,' ഖാര്‍ഗെ ആരോപിച്ചു. മഹാത്മാഗാന്ധി, ബാബാസാഹേബ് അംബേദ്കര്‍ തുടങ്ങിയ മഹാന്‍മാരുടെ പ്രതിമകള്‍ പാര്‍ലമെന്റ് സമുച്ചയത്തില്‍ നിന്ന് നീക്കം ചെയ്ത് ഒരു മൂലയില്‍ സ്ഥാപിച്ച നിങ്ങളുടെ സര്‍ക്കാരിന്റെ പ്രവൃത്തി മുഴുവന്‍ ആരും മറക്കില്ലെന്നും ഖാര്‍ഗെ കൂട്ടിചേര്‍ത്തു.

Tags: