മോദിയുടെ ജനപ്രീതി കുറയുന്നു; കേന്ദ്ര സര്‍ക്കാരിന്റെ പ്രതിഛായയും ഇടിഞ്ഞെന്ന് ഇന്ത്യാടുഡേ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയില്‍ ഇടിവെന്ന് ഇന്ത്യാടുഡേ സര്‍വേ റിപ്പോര്‍ട്ട്. ആഗസ്റ്റില്‍ നടത്തിയ ഇന്ത്യ ടുഡേ സി വോട്ടര്‍ മൂഡ് ഓഫ് ദി നേഷന്‍ സര്‍വേ റിപോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ നടത്തിയ സര്‍വേയില്‍ മോദിയുടെ പ്രകടനം 'മികച്ചത്' എന്ന് 62 ശതമാനം പേര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ആഗസ്റ്റിലെ സര്‍വേയില്‍ ഇത് 58 ശതമാനമായി കുറഞ്ഞു.
എന്‍ഡിഎ സര്‍ക്കാരിന്റെ പ്രകടനത്തിലും വലിയ ഇടിവുണ്ടായെന്നും സര്‍വേ വിലയിരുത്തുന്നു. ഇത്തവണ 52.4 ശതമാനം ആളുകള്‍ മാത്രമാണ് എന്‍ഡിഎയുടെ പ്രകടനം മികച്ചതാണെന്ന് വിലയിരുത്തിയത്. ഫെബ്രുവരിയില്‍ നടത്തിയ സര്‍വേയില്‍ ഇത് 62.1 ശതമാനമായിരുന്നു. സര്‍വേയില്‍ പ്രതികരിച്ച 34.2 ശതമാനം പേര്‍ പ്രധാനമന്ത്രിയുടെ മൂന്നാം ടേമിലെ ഇതുവരെയുള്ള പ്രകടനത്തെ 'മികച്ചത്' എന്ന വിലയിരുത്തി. ഫെബ്രുവരിയിലെ സര്‍വേയില്‍ 36.1 ശതമാനം പേര്‍ പ്രകടനം മികച്ചതാണെന്ന് വിലയിരുത്തിയിരുന്നു.ഇത്തവണ പ്രകടനം 'നല്ലത്' എന്ന് വിലയിരുത്തിയത് 23.8 ശതമാനമാണ്. 12.7 ശതമാനം പേര്‍ മോദിയുടെ പ്രകടനം ശരാശരിയാണെന്ന് വിലയിരുത്തുന്നു. 12.6 ശതമാനം പ്രധാനമന്ത്രിയുടെ പ്രകടനം മോശമാണെന്നും അഭിപ്രായപ്പെട്ടു.