പ്രാദേശിക വിദ്വേഷം ആളികത്തിക്കാനാണ് മോദിയുടെ ശ്രമം: എം കെ സ്റ്റാലിന്‍

Update: 2025-10-31 10:36 GMT

ചെന്നൈ: പ്രാദേശിക വിദ്വേഷം ആളികത്തിക്കാനാണ് പ്രധാനമന്ത്രി മോദി ശ്രമിക്കുന്നതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ബിഹാറിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ മോദി നടത്തിയ പ്രസംഗങ്ങളെ മുന്‍നിര്‍ത്തിയാണ് സ്റ്റാലിന്റെ പ്രതികരണം. പ്രധാനമന്ത്രി ഓഫീസിന്റെ അന്തസ്സ് പോലും അദ്ദേഹം മറക്കുകയാണെന്നും സ്റ്റാലിന്‍ പറഞ്ഞു.

പ്രധാനമന്ത്രി ദയവു ചെയ്ത് ഹിന്ദുക്കളെയും മുസ് ലിംകളെയും വര്‍ഗീയമായി ചേരിതിരിക്കുന്നത് നിര്‍ത്തി, അവരുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. നാനാത്വത്തില്‍ ഏകത്വം എന്ന ആശയം മോദി മറക്കരുതെന്ന് പറഞ്ഞ സ്റ്റാലിന്‍ ബിഹാറിലെ ജനങ്ങള്‍ക്കും തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കുമിടയില്‍ ശത്രുത വളര്‍ത്തരുതെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ പേരില്‍ മോദി തമിഴരില്‍ വെറുപ്പ് വളര്‍ത്തുകയാണെന്നും സ്റ്റാലിന്‍ പറഞ്ഞു.

പ്രതിപക്ഷ സഖ്യത്തിലെ പാര്‍ട്ടികള്‍ ബിഹാറില്‍ നിന്നുള്ള കുടിയേറ്റക്കാരോട് വിവേചനം കാണിക്കുന്നുവെന്നാണ് ബിഹാറിലെ പ്രചാരണത്തിനിടെ പ്രധാനമന്ത്രി മോദി പറഞ്ഞത്. കര്‍ണാടകയിലെയും തെലങ്കാനയിലെയും കോണ്‍ഗ്രസ് നേതാക്കള്‍ ബീഹാറില്‍ നിന്നുള്ള ആളുകളെ അപമാനിച്ചുവെന്ന് പറഞ്ഞ മോദി, സ്റ്റാലിന്റെ ഡിഎംകെ തമിഴ്നാട്ടിലും അതുതന്നെ ചെയ്തുവെന്നും ആരോപിച്ചു.

Tags: