പാലക്കാട്: വാളയാര്‍ അട്ടപ്പള്ളത്ത് ജാര്‍ഖണ്ഡ് സ്വദേശി റാം നാരായണനെ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊലപെടുത്തിയ സംഭവം ഞെട്ടിക്കുന്നതും പരിഷ്‌കൃത സമൂഹത്തിന് അപമാനകരവും അപലപനീയവുമാണ്. തൊഴിലിനായി നാലു ദിവസം മുന്‍പ് പാലക്കാട് വാളയാറില്‍ എത്തിയതാണ് രാം നാരായണന്‍. ഭാര്യ മരിച്ചതിനെ തുടര്‍ന്ന് മാനസികമായി പ്രയാസങ്ങള്‍ അനുഭവിക്കുന്ന ഇദ്ദേഹത്തെ വളരെ ക്രൂരമായ ആള്‍ക്കൂട്ട വിചാരണയെ തുടര്‍ന്നാണ് കൊലപ്പെടുത്തിയത്. മര്‍ദ്ദന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. കൊലപാതകത്തില്‍ പോലീസ് അറസ്റ്റ് ചെയ്യപ്പെട്ട പ്രതികള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണ്.
കേരളം പോലെ അതിഥി തൊഴിലാളികളെ കരുതലോടെ കണ്ട് പോരുന്ന ഒരു സംസ്ഥാനത്തിന് ഒരു നിലക്കും അംഗീകരിക്കാന്‍ കഴിയാത്ത ക്രൂര കൃത്യമാണ് വാളയാറില്‍ നടന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണം. ഇത്തരത്തിലുള്ള ആള്‍ക്കൂട്ട വിചാരണകള്‍ക്കും അക്രമത്തിനുമെതിരെ പൊതുബോധം വളര്‍ത്താന്‍ ജാഗ്രതയോടെ പൊതു സമൂഹം ഇടപെടണം. മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് സര്‍ക്കാര്‍ അടിയന്തിര സഹായങ്ങള്‍ നല്‍കണമെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
