''സ്വര്‍ഗത്തില്‍ പോയി യേശുവിനെ കാണണം; സുജ പറയുന്നിടത്ത് അടക്കണം'' എം എം ലോറന്‍സിന്റേതെന്ന് പറയുന്ന വീഡിയോദൃശ്യം പുറത്തുവിട്ട് മകള്‍
കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സിന്റേതെന്ന് പറയുന്ന വീഡിയോദൃശ്യം പുറത്തുവിട്ട് മകള്‍. തനിക്ക് സ്വര്‍ഗത്തില്‍ പോയി യേശുവിനെ കാണണമെന്നും മകള്‍ പറയുന്നിടത്ത് സംസ്‌കരിക്കണമെന്നുമാണ് വീഡിയോയിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ ലോറന്‍സിന്റെ മൃതദേഹം െ്രെകസ്തവ മതാചാര പ്രകാരം സംസ്‌കരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍മക്കള്‍ ഹൈക്കോടതിയില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കി.
2022 ഫെബ്രുവരി 25ന് ചിത്രീകരിച്ച വിഡിയോയാണ് ഇതെന്നാണ് പെണ്‍മക്കളായ സുജാതാ ബോബന്‍, ആശ ലോറന്‍സ് എന്നിവര്‍ അവകാശപ്പെടുന്നത്. എന്നാല്‍, വിഡിയോ ദൃശ്യങ്ങളില്‍ ലോറന്‍സിന്റെ മുഖം കാണിക്കുന്നില്ല. ''സ്വര്‍ഗത്തില്‍ പോകണം, യേശുവിനെ കാണണം. സുജ പറയുന്നിടത്ത് തന്നെ അടക്കം ചെയ്യണം. അതിനു മാറ്റം വരുത്താന്‍ പാടില്ല. അത് എനിക്ക് നിര്‍ബന്ധമാണ്.''- എന്ന് പറയുന്നത് കേള്‍ക്കാം.
2024 സെപ്റ്റംബര്‍ 21നാണ് എം എം ലോറന്‍സ് അന്തരിച്ചത്. തുടര്‍ന്നാണ് മകന്‍ എം എല്‍ സജീവന്‍ പിതാവിന്റെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി വിട്ടു നല്‍കുകയാണെന്നും പിതാവിന്റെ ആഗ്രഹം അനുസരിച്ചാണ് അങ്ങനെ ചെയ്യുന്നതെന്നും പറയുന്നത്. സുജാതയും ഇതിനുള്ള സമ്മതപത്രത്തില്‍ ഒപ്പുവച്ചിരുന്നു. എന്നാല്‍ പിതാവ് മരിച്ച സാഹചര്യത്തില്‍ താന്‍ വായിച്ചു നോക്കാതെയാണ് ഒപ്പു വച്ചതെന്ന് സുജാത പറയുന്നു.
ലോറന്‍സിനെ മതാചാര പ്രകാരം സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അനുഭാവിയായ മകള്‍ ആശാ ലോറന്‍സാണ് ആദ്യം ഹൈക്കോടതിയെ സമീപിച്ചത്. ആശയുടെ വാദം ഹൈക്കോടതി തള്ളി. തുടര്‍ന്ന് സുപ്രിംകോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടായില്ല.
