പ്രഫ. എം കെ സാനു അന്തരിച്ചു

Update: 2025-08-02 12:31 GMT

കൊച്ചി: മലയാളത്തിലെ പ്രമുഖ സാഹിത്യ നിരൂപകനും എഴുത്തുകാരനുമായ പ്രഫ. എം കെ സാനു(98) അന്തരിച്ചു.ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. വീണതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീഴ്ച്ചയില്‍ വലതു തുടയെല്ലിന് പൊട്ടല്‍ സംഭവിച്ചിരുന്നു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, ന്യൂമോണിയ, പ്രമേഹം എന്നിവയും അദ്ദേഹത്തെ അലട്ടിയിരുന്നു.

1958ല്‍ അഞ്ചു ശാസ്ത്ര നായകന്മാര്‍ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ല്‍ വിമര്‍ശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി. 1983ല്‍ അധ്യാപനത്തില്‍ നിന്ന് വിരമിച്ചു. സ്ഥാപകാധ്യക്ഷനായിരുന്ന മഹാകവി വൈലോപ്പിള്ളിയെ തുടര്‍ന്ന് 1986ല്‍ പുരോഗമന സാഹിത്യസംഘം പ്രസിഡണ്ടായി. കോണ്‍ഗ്രസ് നേതാവ് എ എല്‍ ജേക്കബിനെ പരാജയപ്പെടുത്തി 1987ല്‍ എറണാകുളം നിയമസഭാ മണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചു. വിമര്‍ശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നാല്പതോളം കൃതികളുടെ കര്‍ത്താവാണ് എം.കെ. സാനു. കര്‍മഗതി എന്നാണ് ആത്മകഥയുടെ പേര്.

ഭാര്യ: പരേതയായ രത്‌നമ്മ. തിരുകൊച്ചി സംസ്ഥാനത്തിലെ മുന്‍ ആരോഗ്യ മന്ത്രി വി മാധവന്റെ മകളാണ് രത്‌നമ്മ. മക്കള്‍: എം എസ് രേഖ, എം എസ് ഗീത, എം എസ് സീത, എം എസ് രഞ്ജിത്ത്, എം എസ് ഹാരിസ്