കൊച്ചി: കൊച്ചി കടവന്ത്രയില്‍നിന്നു ഇന്നലെ കാണാതായ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ തൊടുപുഴയില്‍ കണ്ടെത്തി. തൊടുപുഴ ബസ് സ്റ്റാന്‍ഡിനു സമീപത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. പോലിസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ തൊടുപുഴ പോലിസ് സ്‌റ്റേഷനിലെത്തി. കുട്ടിയോടൊപ്പം മറ്റൊരാളുമുണ്ടായിരുന്നു. ഇയാള്‍ ആരാണെന്ന കാര്യത്തിലുള്‍പ്പെടെ അന്വേഷണം ആരംഭിച്ചു.
ഇടപ്പള്ളിയിലെ സ്വകാര്യ സ്‌കൂളിലെ 8ാം ക്ലാസ് വിദ്യാര്‍ഥിയാണ് കുട്ടി. ഇന്നലെ രാവിലെ പരീക്ഷയെഴുതാന്‍ പോയ കുട്ടി രാത്രി വൈകിയും വീട്ടില്‍ തിരിച്ചെത്തിയില്ല. കുടുംബം എളമക്കര പോലിസില്‍ പരാതി നല്‍കിയതോടെയാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. നഗരത്തിലുടനീളം തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ഇടപ്പള്ളി ലുലു മാളിനു സമീപത്തെ വഴിയിലൂടെ കുട്ടി നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. രാത്രി മുഴുവന്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇന്നു രാവിലെയാണ് തൊടുപുഴ ബസ് സ്റ്റാന്‍ഡിയില്‍നിന്നു കുട്ടിയെ കണ്ടെത്തിയത്.