കാസര്‍കോട് നിന്ന് കാണാതായ പെണ്‍കുട്ടിയുടെ മൊബൈല്‍ ലൊക്കേഷന്‍ വനത്തില്‍; വ്യാപക തിരച്ചിലിന് പോലിസ്
കാസര്‍കോട്: കാസര്‍കോട് നിന്ന് കാണാതായ പതിനഞ്ചുകാരിയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ വനത്തിനുള്ളിലെന്ന് പോലിസ്. പെണ്‍കുട്ടിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയ പൈവളിഗെയ്ക്ക് സമീപ പ്രദേശത്തുള്ള വനത്തിനുള്ളില്‍ നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്താനാണ് പോലിസ് തീരുമാനം. കഴിഞ്ഞ ദിവസവും പോലിസ് സംഘം ഇവിടെ പരിശോധന നടത്തിയിരുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരി പന്ത്രണ്ടിനാണ് പൈവളിഗെ സ്വദേശിനിയായ പതിനഞ്ചുകാരിയെ കാണാതായത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു. തങ്ങള്‍ ഉറക്കമുണര്‍ന്നപ്പോള്‍ മകള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് പിതാവ് പോലിസിന് നല്‍കിയ പരാതി പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ അന്വേഷണത്തില്‍ ഫെബ്രുവരി പന്ത്രണ്ടിന് പുലര്‍ച്ചെ മൂന്നരയോടെ പെണ്‍കുട്ടിയെ കാണാതായി എന്ന് വ്യക്തമായി.
അന്നുതന്നെ പ്രദേശവാസിയായ 42കാരനേയും കാണാതായിട്ടുണ്ട്. ഇയാള്‍ ഓട്ടോറിക്ഷാ െ്രെഡവറാണ്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കുടുംബം വെള്ളിയാഴ്ച ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.