വിഴിഞ്ഞം: മത്സ്യബന്ധനത്തിനിടെ കാണാതായ ഒമ്പത് മത്സ്യത്തൊഴിലാളികളില്‍ എട്ടുപേരെ രക്ഷപ്പെടുത്തി.രണ്ടുവള്ളത്തിലായി കടലില്‍ പോയ എട്ടുപേരുടെ സംഘത്തെയാണ് രണ്ടുദിവസത്തെ തിരച്ചിലിനൊടുവില്‍ രക്ഷിച്ചത്. ഇതില്‍ നാലുപേര്‍ അടങ്ങിയ ആദ്യസംഘം വിഴിഞ്ഞത്തും മറ്റൊരു സംഘം തമിഴ്‌നാട് കുളച്ചല്‍ തീരത്തും എത്തി. സഹായമാത, ഫാത്തിമമാത എന്നീ വള്ളങ്ങളിലെ ജീവനക്കാരാണ് ഇവര്‍.
കന്യാകുമാരി ഭാഗത്ത് അകപ്പെട്ടുവെന്ന് മത്സ്യത്തൊഴിലാളികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് മറൈന്‍ എന്‍ഫോഫ്‌സ്‌മെന്റാണ് ആദ്യസംഘത്തെ കണ്ടെത്തി തിരികെ കൊണ്ടുവന്നത്. രണ്ടാമത്തെ സംഘത്തില്‍ ഉള്‍പ്പെട്ട നാലുപേരെ തമിഴ്‌നാട് മത്സ്യത്തൊഴിലാളികളാണ് രക്ഷിച്ചത്. മറിഞ്ഞ വള്ളത്തില്‍ തൂങ്ങിനില്‍ക്കുന്ന രീതിയില്‍ കണ്ടെത്തിയ ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ട അനു എന്ന വള്ളത്തിലെ സ്‌റ്റെലസ്സ് എന്ന മത്സ്യത്തൊഴിലാളിയെ ഇനിയും കണ്ടെത്താനായിട്ടില്ല. ഈ വള്ളത്തിലെ മറ്റൊരു മത്സ്യത്തൊഴിലാളി തഥേയൂസിന്റെ മൃതദേഹം പൂവാറാര്‍ തീരത്തുനിന്ന് കിട്ടിയിരുന്നു.