പ്രതിഭക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം: മുസ് ലിം ലീഗ് നേതാവ് ഇര്‍ഷാദിനെ മണ്ഡലം ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കി യുഡിഎഫ്
ആലപ്പുഴ: എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു പ്രതിഭയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ മുസ് ലിം ലീഗ് നേതാവ് എ ഇര്‍ഷാദിനെ യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കുകയും മുസ് ലിം ലീഗ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. പകരം മുസ് ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എച്ച് ബഷീര്‍ കുട്ടിയെ പുതിയ ചെയര്‍മാനായി നിയമിച്ചു. പരാമര്‍ശം വലിയ രാഷ്ട്രീയ വിവാദമായതിനെത്തുടര്‍ന്നാണ് യുഡിഎഫിന്റെ നടപടി.
ഇന്നലെ കായംകുളത്ത് വച്ച് നടന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലായിരുന്നു ഇര്‍ഷാദിന്റെ വിവാദ പ്രസ്താവന. 'വാക്ചാതുരി കൊണ്ടും ശരീരസൗന്ദര്യം കൊണ്ടും വീണ്ടും സ്ഥാനാര്‍ഥിയായി നില്‍ക്കുന്നു,' എന്നായിരുന്നു പരാമര്‍ശം. ഇര്‍ഷാദ് പിന്നീട് ഖേദം പ്രകടിപ്പിച്ചെങ്കിലും ഈ പരാമര്‍ശത്തിനെതിരെ പോലിസിനും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കാനാണ് തീരുമാനമെന്ന് പ്രതിഭ പ്രതികരിച്ചിരുന്നു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ കരഞ്ഞുകൊണ്ടാണ് യു പ്രതിഭ പ്രതികരിച്ചത്. ഒരു സ്ത്രീയോട് പോലും ഇത്തരത്തില്‍ സംസാരിക്കരുതെന്നും മാപ്പ് കൊണ്ട് മാത്രം പ്രശ്‌നം തീരില്ലെന്നും അവര്‍ വ്യക്തമാക്കി.