ബാലചന്ദ്ര മേനോനെ ഭീഷണിപ്പെടുത്തിയ മിനു മുനീറിന്റെ അഭിഭാഷകന്‍ അറസ്റ്റില്‍
കൊച്ചി: പ്രശസ്ത സംവിധായകനും നടനുമായ ബാലചന്ദ്ര മേനോനെ ഭീഷണിപ്പെടുത്തിയ കേസില്‍ മുന്‍ നടി മിനു മുനീറിന്റെ അഭിഭാഷകന്‍ അറസ്റ്റില്‍. മുന്‍ ചലച്ചിത്ര സംവിധായകനും കൂടിയായ കൊല്ലം കുണ്ടറ സ്വദേശി സംഗീത് ലൂയിസ് (46) ആണ് ഇന്ന് രാവിലെ കൊച്ചി സൈബര്‍ പോലിസിന്റെ പിടിയിലായത്. കേസില്‍ മിനു മുനീറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് തൃശൂര്‍ അയ്യന്തോളില്‍ നിന്നും ഇയാളെയും അറസ്റ്റ് ചെയ്തത്. നിരവധി കേസുകളില്‍ പ്രതിയാണ് സംഗീത് എന്നും 2023ല്‍ കുണ്ടറ പോലിസ് ഇയാളെ കാപ്പ ചുമത്തി കരുതല്‍ തടങ്കലില്‍ അടച്ചിരുന്നുവെന്നും പോലിസ് അറിയിച്ചു.
ബാലചന്ദ്ര മേനോനെതിരെ നേരത്തെ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് അദ്ദേഹം ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടി. ആണുങ്ങള്‍ക്കും അന്തസുണ്ടെന്ന് പറഞ്ഞാണ് ഹൈക്കോടതി അദ്ദേഹത്തിന് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. പരാതി നല്‍കിയ നടിയും അഭിഭാഷകനും ചേര്‍ന്നു തന്നെയും ഭാര്യയെയും വിളിച്ചു പരാതി നല്‍കുമെന്നു ഭീഷണിപ്പെടുത്തിയെന്നും പണം തട്ടാനുള്ള ശ്രമമാണെന്നു മനസിലായിരുന്നു എന്നും അദ്ദേഹം ആരോപിച്ചിരുന്നു. തുടര്‍ന്ന് പോലിസില്‍ പരാതിയും നല്‍കി. ഈ കേസിലാണ് ഇപ്പോഴത്തെ നടപടികള്‍. അതേസമയം, ബാലചന്ദ്ര മേനോെന വിളിച്ചത് മൂന്നു നടിമാര്‍ അദ്ദേഹത്തിനെതിരെ രഹസ്യമൊഴി നല്‍കുമെന്ന മുന്നറിയിപ്പു നല്‍കാനാണ് എന്നായിരുന്നു സംഗീത് ലൂയിസിന്റെ അവകാശവാദം.അവര്‍ മൊഴി നല്‍കട്ടെയെന്നാണ് ബാലചന്ദ്ര മേനോന്‍ അതിന് മറുപടി നല്‍കിയത്.
