'ന്യൂനപക്ഷ മതവിഭാഗങ്ങള്‍ പാര്‍ട്ടികളുണ്ടാക്കി അധികാരക്കസേരകളില്‍ അടയിരിക്കുന്നു, ഭൂരിപക്ഷസമുദായം വൈകാതെ ന്യൂനപക്ഷമാകും'; വെള്ളാപ്പള്ളി നടേശന്‍
എസ്എന്‍ഡിപി യോഗം മുഖപത്രം യോഗനാദത്തില്‍ എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളിയുടെ പരാമര്‍ശം
കോട്ടയം: മുസ് ലിം ലീഗിനും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമെതിരേ വിമര്‍ശനം തുടര്‍ന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ന്യൂനപക്ഷ മതവിഭാഗങ്ങള്‍ പാര്‍ട്ടികളുണ്ടാക്കി അധികാരക്കസേരകളില്‍ അടയിരിക്കുന്നുവെന്ന് എസ്എന്‍ഡിപി യോഗം മുഖപത്രം യോഗനാദത്തില്‍ എഡിറ്റോറിയല്‍. ലീഗ് കടന്നുകയറാവുന്നിടത്തെല്ലാം കയറി. കിട്ടിയതൊന്നും പേരെന്നാണ് ലീഗിന്റെ നിലപാട്. പുതിയ അവകാശ വാദങ്ങള്‍ അവര്‍ ഉന്നയിക്കുകയാണ്. ഭൂരിപക്ഷ സമുദായം വൈകാതെ ന്യൂനപക്ഷമാകുന്ന അവസ്ഥയാണെന്നും യോഗനാദം മുഖപ്രസംഗത്തില്‍ വെള്ളാപ്പള്ളി പറഞ്ഞു.
ഭൂരിപക്ഷ സമുദായങ്ങള്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ അര്‍ഹമായ പ്രാതിനിധ്യം നേടണം ഇല്ലെങ്കില്‍ ചോദിച്ചു വാങ്ങണമെന്നും അര്‍ഹതപ്പെട്ടത് നിഷേധിക്കുന്നവര്‍ക്ക് ബാലറ്റിലൂടെ മറുപടി നല്‍കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷമായി അധികാരത്തിലില്ലാത്തതിനാല്‍, ഇനി അധികാരത്തില്‍ വന്നാല്‍ ആ പത്ത് വര്‍ഷത്തെ കുറവ് കൂടി നികത്തുന്ന തരത്തില്‍ എല്ലാം സ്വന്തമാക്കാന്‍ ലീഗ് ശ്രമിക്കും. ന്യൂനപക്ഷങ്ങള്‍ മതം പറഞ്ഞ് അധികാരം നേടി. മുസ് ലിം, ക്രൈസ്തവ സമുദായങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുണ്ടാക്കി അധികാര പദവികള്‍ പിടിച്ചെടുത്തു. ഭൂരിപക്ഷസമുദമായങ്ങള്‍ തമ്മില്‍ തല്ലിയും കാലുവാരിയും പരസ്പരം കുറ്റം പറഞ്ഞും നശിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കണം. രാഷ്ട്രീയപാര്‍ട്ടികളില്‍ അടികൊള്ളാനും കൊല്ലപ്പെടാനും പിന്നാക്കക്കാരും അധികാരക്കസേരകളില്‍ മറ്റുള്ളവരും എന്ന രീതി ഇനി തുടരാനാവില്ല. അധികാര രാഷ്ട്രീയത്തിലെത്താന്‍ വിലപേശല്‍ വേണമെന്നും വെള്ളാപ്പള്ളി നടേശന്‍ ഭൂരിപക്ഷ സമുദായങ്ങളെ ഉപദേശിക്കുന്നു. പിന്നാക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹമായത് ചോദിച്ചു വാങ്ങാന്‍ കുമാരനാശാനെ ശ്രീനാരായണഗുരു പ്രജാസഭയിലേക്ക് അയച്ച ചരിത്രസംഭവത്തെ കൂട്ടിച്ചേര്‍ത്താണ് വെള്ളാപ്പള്ളിയുടെ പരാമര്‍ശം.
അധികാര പങ്കാളിത്തം ഔദാര്യമല്ല എന്ന തലക്കെട്ടിലാണ് വെള്ളാപ്പള്ളിയുടെ മുഖപ്രസംഗം. ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലം ഒഴിച്ചുനിറുത്തിയാല്‍ ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളെല്ലാം സംസ്ഥാനത്തെ ഭൂരിപക്ഷ ജനവിഭാഗത്തിന്, പ്രത്യേകിച്ച് ജനസംഖ്യയുടെ പകുതിയോളം വരുന്ന പിന്നാക്ക, അധ:സ്ഥിത വിഭാഗങ്ങള്‍ക്ക് നഷ്ടക്കച്ചവടമായിരുന്നെന്ന് വെള്ളാപ്പള്ളി പറയുന്നു.

