കോഴിക്കോട്: സംഗീതത്തിനൊപ്പം സാമൂഹിക-രാഷ്ട്രീയ സന്ദേശവും പങ്കുവച്ച് റാപ്പര്‍ വേടന്‍. ഇന്നലെ രാത്രി കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെ ആയിരങ്ങള്‍ സാക്ഷിയായ വേദിയിലാണ് ന്യൂനപക്ഷത്തെയും വോട്ടവകാശം ഉത്തരവാദിത്വത്തോടെ വിനിയോഗിക്കുന്നതിനെ കുറിച്ചും വേടന്‍ പറഞ്ഞത്. ഇന്ത്യയില്‍ ജനാധിപത്യം ശക്തമായി നിലനില്‍ക്കുന്നതില്‍ ന്യൂനപക്ഷങ്ങളുടെ പങ്ക് നിര്‍ണായകമാണെന്നും രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങള്‍ കൂടുതലായി ഒരുമിച്ച് താമസിക്കുന്ന പ്രദേശങ്ങളില്‍ ഒന്നാണ് മലബാര്‍ മേഖലയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ന്യൂനപക്ഷ ജനങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ ഒന്നാണ് മലബാര്‍. രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കാന്‍ കാരണം നമ്മെ പോലുള്ള ന്യൂനപക്ഷങ്ങളാണ്. ഇവിടെ കസേരകളില്‍ ഇരിക്കുന്നവരും മണിക്കൂറുകളായി കാത്തുനില്‍ക്കുന്നവരും ഒരുപോലെ ഇത് മനസ്സിലാക്കണം. സ്വതന്ത്രമായി ഇത്തരത്തിലുള്ള വേദികളില്‍ ഒന്നിച്ചുകൂടാനും, വിപ്ലവഗാനങ്ങള്‍ ആലപിക്കാനും, സഹമനുഷ്യരെ സ്‌നേഹിക്കാനും സഹായിക്കാനും കഴിയുന്നത് ന്യൂനപക്ഷ ജനങ്ങള്‍ ശക്തമായി നിലകൊള്ളുന്നതിനാലാണ്. മൂന്നു നാലു മാസത്തിനകം ഇലക്ഷന്‍ വരുന്നുണ്ട്. നോക്കി വോട്ട് ചെയ്യുക. 18 വയസ്സ് തികഞ്ഞവര്‍ നിര്‍ബന്ധമായും വോട്ട് ചെയ്യണം,' എന്ന് വേടന്‍ പറഞ്ഞു.
