മിനിവാന്‍ അപകടം; ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു, ആറു പേര്‍ക്ക് പരിക്ക്

Update: 2026-02-21 11:24 GMT

മെഹ്‌സാന: ഗുജറാത്തിലെ മെഹ്‌സാന ജില്ലയില്‍ മിനിവാന്‍ റോഡിലെ ഡിവൈഡറില്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരേ കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഉന്‍ഝ–മെഹ്‌സാന ഹൈവേയിലായിരുന്നു അപകടം.

രാജസ്ഥാനിലെ പാലി ജില്ലയില്‍ വിവാഹചടങ്ങില്‍ പങ്കെടുത്ത് അഹമ്മദാബാദിലേക്ക് മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. ഉനവ ഗ്രാമത്തിന് സമീപം വച്ചാണ് മിനിവാന്‍ നിയന്ത്രണം നഷ്ടപ്പെടുത്തി ഡിവൈഡറില്‍ ഇടിച്ചുകയറിയത്. ഡ്രൈവര്‍ക്കു നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് ഉനവ പോലിസ് ഇന്‍സ്‌പെക്ടര്‍ പി ഡി ഡാര്‍ജി അറിയിച്ചു.

അപകടത്തില്‍ രാംലാല്‍ കുമാവത്, കോമള്‍ കുമാവത്, കൈലാഷ്ഭായ് കുമാവത്, ആയുഷ് കുമാവത് എന്നിവര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. മരിച്ചവരില്‍ നാലുവയസ്സുകാരനും ഉള്‍പ്പെടുന്നുവെന്ന് പോലിസ് അറിയിച്ചു. പരിക്കേറ്റവരെ മെഹ്‌സാന സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികില്‍സയിലിരിക്കെ മധുരാദേവി കുമാവത് എന്ന വയോധികയും മരിച്ചു. അപകടത്തില്‍ പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവത്തില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Tags: