ചികില്‍സാ പിഴവ്;തങ്കം ആശുപത്രിക്കെതിരേ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരം നടപടിയെടുക്കും

സംസ്ഥാനത്ത് ആദ്യമായാണ് ഒരാശുപത്രിക്കെതിരേ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം ഉപയോഗിക്കുന്നത്

Update: 2022-07-06 10:08 GMT

പാലക്കാട്:ചികില്‍സാ പിഴവ് മൂലം രോഗികള്‍ മരണപ്പെടുന്നുവെന്ന ആരോപണത്തിന് പിന്നാലെ തങ്കം ആശുപത്രിക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി വീണാജോര്‍ജ്.ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരം നടപടി സ്വീകരിക്കാനാണ് മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സംസ്ഥാനത്ത് ആദ്യമായാണ് ഒരാശുപത്രിക്കെതിരേ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം ഉപയോഗിക്കുന്നത്.സംഭവത്തെപ്പറ്റി കൃത്യമായി അന്വേഷണം നടത്താന്‍ കളക്ടര്‍ ചെയര്‍മാനും ഡിഎംഒ വൈസ് ചെയര്‍മാനുമായുള്ള ജില്ലാ രജിസ്റ്ററിങ് അതോറിറ്റിക്ക് മന്ത്രി നിര്‍ദേശം നല്‍കി.ഈ സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് അന്വേഷണം നടത്തിയിരുന്നു.ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി.

തങ്കം ആശുപത്രിയില്‍ പ്രസവത്തിനിടേ കഴിഞ്ഞ ദിവസം യുവതിയും കുഞ്ഞും മരിച്ചിരുന്നു.തത്തമംഗലം സ്വദേശി ഐശ്വര്യയും, കുഞ്ഞുമാണ് മരണപ്പെട്ടത്. കുഞ്ഞിന്റേയും മാതാവിന്റേയും മരണത്തിന് കാരണം ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അശ്രദ്ധയും അനാസ്ഥയും ആണെന്ന ബന്ധുക്കളുടെ പരാതിയില്‍ പോലിസ് കേസെടുത്തിരുന്നു.തങ്കം ആശുപത്രിക്കെതിരേ ഗുരുതര ആരോപണം നിലനില്‍ക്കേയാണ് മറ്റൊരു യുവതി കൂടി മരണപ്പെട്ടത്. കോങ്ങാട് ചെറായ പ്ലാപറമ്പില്‍ ഹരിദാസന്റെ മകള്‍ കാര്‍ത്തികയാണ് ശസ്ത്രക്രിയക്കിടേ മരണപ്പെട്ടത്. കാലിലെ ശസ്ത്രക്രിയയ്ക്കായി അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.മരണവിവരം ആശുപത്രി അധികൃതര്‍ മറച്ചുവച്ചെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

അതേസമയം,മാതാവും കുഞ്ഞും മരിച്ച സംഭവത്തില്‍ തങ്കം ആശുപത്രിക്ക് വീഴ്ച പറ്റിയതായി യുജവജന കമ്മീഷന്‍ പ്രഥമിക അന്വേഷണത്തില്‍ കണ്ടെത്തി. അടിയന്തര സാഹചര്യത്തില്‍ ഡ്യൂട്ടി ഡോക്ടറുടെ സേവനം ലഭിച്ചില്ലെന്നും ഗര്‍ഭപാത്രം നീക്കിയതും അമിത രക്തസ്രാവവും വൈകിയാണ് ബന്ധുക്കളെ അറിയിച്ചത് എന്നുമാണ് യുവജന കമ്മീഷന്റെ കണ്ടെത്തല്‍.

Tags:    

Similar News